മുംബൈ: ഐസിസി ടൂര്‍ണമെന്റുകളുടെ പശ്ചാത്തലങ്ങളില്‍ പാക്കിസ്ഥാനെ കളിയാക്കിക്കൊണ്ട് പുറത്തിറക്കിയ ഇന്ത്യയുടെ മോക്കാ മോക്കാ പരസ്യത്തിന് മറുപടിയുമായി പാക് പരസ്യം.

നേരത്തേ ഇന്ത്യയെ ഏകദിന ലോകകപ്പിലോ ട്വന്റി 20യിലോ തോല്‍പ്പിക്കാന്‍ കഴിയാത്ത പാക്കിസ്ഥാനേയും പാക് ആരാധകരേയും കളിയാക്കിയായിരുന്നു മോക്കാ മോക്കയും സബ്സെ ബഡാ മോ എന്ന പരസ്യവും പുറത്തിറക്കിയിരുന്നത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ ഇന്ത്യയുടെ ദയനീയ തോല്‍വിയോടെയാണ് ചുട്ട മറുപടിയുമായി പാക്കിസ്ഥാന്‍ പരസ്യമൊരുക്കിയത്.

ഇന്ത്യയുടെ തോല്‍വിക്ക് ശേഷം പാക് ആരാധകര്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് കണ്ണുനീര് തുടക്കാന്‍ ടിഷ്യൂ പേപ്പര്‍ നല്‍കുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം. വിരാട് കോഹ്ലി നയിച്ച ഇന്ത്യന്‍ ടീം 339 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന് 158 റണ്‍സ് മാത്രമെടുത്താണ് പാക്കിസ്ഥാനോട് അടിയറവ് പറഞ്ഞത്.

ലോകകപ്പ് സമയത്ത് ആദ്യം ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരത്തിനുവേണ്ടിയും പിന്നീട് ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍ക്കായും സ്റ്റാര്‍ സ്പോര്‍ട്സ് തയാറാക്കിയ മോക്കാ മോക്കാ പരസ്യം വലിയ ഹിറ്റായിരുന്നു. പാക്കിസ്ഥാനെ പരിഹസിക്കുന്ന പരസ്യം മികച്ച രീതിയിലാണ് ആരാധകര്‍ സ്വീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ