ചെന്നൈ: എംഎസ് ധോണി ഇല്ലാതെ ചെന്നൈ സൂപ്പർ കിങ്‌സും ചെന്നൈ ഇല്ലാതെ ധോണിയും ഇല്ലെന്ന് ടീം ഉടമയും മുൻ ബിസിസിഐ പ്രസിഡന്റുമായ എൻ. ശ്രീനിവാസൻ. ഐപിഎല്‍ കിരീടവുമായി തിരുപ്പതി വെങ്കിടേശ്വരക്ഷേത്രം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ടീം മാനേജ്‍മെന്റും ധോണിയും തമ്മിലുള്ള ഊഷ്‌മളമായ ബന്ധം വ്യകത്മാക്കി തരുന്നതാണ് ടീം ഉടമയുടെ ഭാഗത്തു നിന്നുള്ള പ്രതികരണം. ധോണിയുടെ നേതൃത്വത്തിൽ നാലാം ഐപിഎൽ കിരീടമാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഈ വർഷം സ്വന്തമാക്കിയത്.
“സിഎസ്‌കെ, ചെന്നൈ, തമിഴ്‌നാട് എന്നിവയുടെ ഭാഗമാണ് ധോണി. ധോണി ഇല്ലാതെ സിഎസ്‌കെയുമില്ല, സിഎസ്‌കെ ഇല്ലാതെ ധോണിയും ഇല്ല,” ഇന്ത്യ സിമന്റ്സ് ലിമിറ്റഡ് (ഐസിഎൽ) വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറും കൂടിയായ എൻ ശ്രീനിവാസൻ പറഞ്ഞു.
2008 മുതൽ 2014 വരെ സിഎസ്‌കെ ഫ്രാഞ്ചൈസി ഐസിഎലിന്റെ കീഴിൽ ആയിരുന്നു, പിന്നീടാണ് അതിന്റെ ഉടമസ്ഥാവകാശം ചെന്നൈ സൂപ്പർ കിംഗ്സ് ക്രിക്കറ്റ് ലിമിറ്റഡിന് കൈമാറിയത്.
Also Read: ജീവിതത്തില്‍ ഒറ്റപ്പെട്ടപ്പോള്‍ അദ്ദേഹം രക്ഷകനായി എത്തി; മുന്‍താരത്തെക്കുറിച്ച് ഹാര്‍ദിക്ക്
ധോണിയെ അടുത്ത സീസണിലും നിലനിർത്തുമോ എന്ന ചോദ്യത്തിന് നിലനിർത്തൽ പോളിസി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു ക്രിക്കറ്റ് താരങ്ങളെ ടീമിൽ ഉൾപ്പെടുത്തുന്നില്ല എന്ന വിമർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, തമിഴ്‌നാട് പ്രീമിയർ ലീഗിൽ നിന്നുള്ള 13 കളിക്കാർ ഐപിഎല്ലിൽ കളിക്കുകയോ ഇന്ത്യയെ പ്രതിനിധീകരിക്കുകയോ ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
ചെന്നൈയുടെ വിജയാഘോഷം ധോണി ലോകകപ്പിന് ശേഷം യുഎഎയിൽ നിന്നും മടങ്ങിയെത്തിയ ശേഷം മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ പങ്കെടുപ്പിച്ചു ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ വെച്ച് നടത്താൻ ആലോചിക്കുന്നുണ്ടെന്നും ശ്രീനിവാസൻ പറഞ്ഞു.