ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് അയഞ്ഞ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ. മത്സര ഇനങ്ങളിൽ നിന്ന് ഷൂട്ടിങ് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ 2022ൽ ബെർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് ബഹിഷ്കരിക്കാനൊരുങ്ങിയത്. എന്നാൽ തിങ്കളാഴ്ച ചേർന്ന യോഗത്തിന് ശേഷമാണ് നിലപാടിൽ മാറ്റം വരുത്തി ഇന്ത്യ പങ്കെടുക്കുമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) അറിയിച്ചത്.

“നീണ്ട ചർച്ചകൾക്ക് ശേഷം ശേഷം കോമൺവെൽത്ത് ഗെയിംസിൽ ബഹിഷ്കരിക്കുന്നതിനുള്ള തീരുമാനം പിൻവലിക്കുകയാണ്. ബെർമിങ്ഹാമിലേക്ക് ഇന്ത്യയുടെ മികച്ച ടീമിനെ തന്നെ അയക്കും.” ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ജനറൽ സെക്രട്ടറി രാജീവ് മേത്ത പറഞ്ഞു.

2026ലെയോ 2030ലോ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിന് അവകാശവാദം ഉന്നയിക്കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. 2010ൽ ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചിരുന്നു. ഡൽഹി ആയിരുന്നു അന്ന് ഗെയിംസ് നഗരം.

ആതിഥേയ നഗരത്തിന് തീരുമാനമെടുക്കാവുന്ന ‘ഓപ്ഷനൽ സ്പോർട്ട്’ ആണ് എന്ന ചട്ടം വഴിയാണ് ഷൂട്ടിങ്ങിനെ ബ്രിട്ടിഷ് നഗരമായ ബർമിങ്ങാം, ഗെയിംസിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ ഇന്ത്യ വലിയ പ്രതീക്ഷ വയ്ക്കുന്ന ഇനം ഒഴിവാക്കുന്നത് തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് പ്രതിഷേധവും ബഹിഷ്കരണ ഭീഷണിയുമായി ഇന്ത്യ രംഗത്തെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook