കോഹ്‌ലിയും ഓസ്ട്രേലിയൻ ടീമും തമ്മിൽ അത്ര രസത്തിലൊന്നുമല്ല. 2014-15 ൽ ഇന്ത്യ- ഓസ്ട്രേലിയ പരമ്പര നടന്നപ്പോൾ ഓസ്ട്രേലിയൻ താരങ്ങളുമായി കോഹ്‌ലി പലതവണ വാക്‌വാദത്തിലേർപ്പെട്ടു. മിച്ചൽ ജോൺസണും കോഹ്‌ലിയും തമ്മിൽ രസക്കേടുകൾ ഉണ്ടായി. ജോൺസണിനു പുറമേ ബ്രാഡ് ഹാദിനുമായും മറ്റു ചില ഓസ്ട്രേലിയൻ താരങ്ങളുമായും കോഹ്‌ലിക്ക് രസക്കേടുണ്ടായി.

പക്ഷേ ഈ രസക്കേടുകളെല്ലാം കോഹ്‍‌ലിയുടെ കരിയറിന് നേട്ടങ്ങളായി. നാലു ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നാലു സെഞ്ചുറികളടക്കം 692 റൺസാണ് കോഹ്‌ലി അടിച്ചു കൂട്ടിയത്. 2016 ൽ അഞ്ചു ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടു സെഞ്ചുറികളും കോഹ്‌ലി നേടി. മാത്രമല്ല മൂന്നു ടിട്വന്റി മത്സരങ്ങളടങ്ങിയ പരമ്പരയിൽ മൂന്നും ജയിച്ച് ഇന്ത്യ ഓസ്ട്രേലിയയ്ക്കു മേൽ ആധിപത്യം നേടി.

2017 ൽ ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയോടെ കോഹ്‌ലിയും ഓസ്ട്രേലിയൻ ടീമും തമ്മിലുളള ബന്ധം കൂടുതൽ വഷളായി. ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് ഡിസിഷൻ റിവ്യു (ഡിആർഎസ്) തീരുമാനത്തിനു ഡ്രസ്സിങ് റൂമിന്റെ സഹായം തേടിയതാണ് വിവാദമായത്. ഉമേഷ് യാദവിന്റെ പന്തിൽ എൽബിഡബ്ല്യു ആയപ്പോൾ റിവ്യു ആവശ്യപ്പെടും മുൻപാണ് സ്മിത്ത് ഡ്രസ്സിങ് റൂമി‍ൽനിന്നു സഹായത്തിനു ശ്രമിച്ചത്. ഡിആർഎസിനു പുറത്തുനിന്നു സഹായം തേടാൻ പാടില്ലെന്ന ക്രിക്കറ്റ് നിയമമാണ് സ്മിത്ത് ലംഘിച്ചത്. സംഭവത്തിൽ അംപയർമാർക്കൊപ്പം ഇടപെട്ട ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി മൽസരശേഷം ശക്തമായ ഭാഷയിലാണ് സംസാരിച്ചത്.

പരമ്പര ഇന്ത്യ നേടിയശേഷം കോഹ്‌ലി പറഞ്ഞത് ചില ഓസ്ട്രേലിയൻ താരങ്ങളുമായി ഇനിയൊരിക്കലും തനിക്ക് സൗഹൃദം ഉണ്ടാകില്ലെന്നാണ്. 2018 ൽ വീണ്ടും ഇന്ത്യ-ഓസ്ട്രേലിയ പരമ്പര നടക്കാനിരിക്കുമ്പോൾ കോഹ്‌ലിയോട് വിദ്വേഷമില്ലെന്ന് ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

”കോഹ്‌ലിയോട് വിരോധമില്ല. കോഹ്‌ലിയുമായി രസക്കേടുണ്ടാകുന്ന ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല. ഈ പരമ്പരയിൽ ഉടനീളം മൈതാനത്ത് ഞങ്ങൾ തമ്മിൽ നല്ല രീതിയിലുളള പോരാട്ടമായിരിക്കും ഉണ്ടാവുക. തമാശകളും ചിരികളും ഇത്തവണത്തെ പരമ്പരയിലുണ്ടാകും. ഈ പരമ്പരയിലുടനീളം കോഹ്‌ലിയുമായുളള എന്റെ സംഭാഷണം സൗഹൃദം നിറഞ്ഞതായിരിക്കും,” മിച്ചൽ സ്റ്റാർക് പറഞ്ഞു.

മൈതാനത്ത് കോഹ്‌ലി മികച്ച വ്യക്തിയാണെന്നും ഐപിഎല്ലിൽ കോഹ്‌ലിക്കൊപ്പം റോയൽ ചലഞ്ചേഴ്സ് ടീമിൽ ഉണ്ടായിരുന്ന സ്റ്റാർക് പറഞ്ഞു. മൈതാനത്ത് കോഹ്‌ലി വ്യത്യസ്തനായ കളിക്കാരനാണ്. മൈതാനത്തായാലും ടീം റൂമിലായാലും തന്റെ ടീം അംഗങ്ങൾക്കൊപ്പം സമയം പങ്കിടാനും അവരിലൊരാളായി മാറാനും ഇഷ്ടപ്പെടുന്ന ആളാണ് കോഹ്‌ലിയെന്നും സ്റ്റാർക് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ