പുത്തൻ താരോദയങ്ങളുടെ വേദിയാണ് ഐപിഎൽ മത്സരങ്ങൾ. ഓരോ പ്രാവശ്യവും നല്ല വെടിക്കെട്ട് ബാറ്റ്‌സ്‌മാൻമാരും വിക്കറ്റ് കൊയ്യുന്ന ബൗളർമാരുടെയും പിറവിയ്‌ക്ക് ഐപിഎൽ സാക്ഷിയാകാറുണ്ട്.

പത്താം സീസണിലെ പുത്തൻ താരോദയമാണ് നിതീഷ് റാണ. മുംബൈ ഇന്ത്യൻസിന്റെ തുറുപ്പു ചീട്ടാണി ഡൽഹിക്കാരനായ ക്രിക്കറ്റർ. കിംങ്ങ്സ് ഇലവൻ പഞ്ചാബിനെതിരെ വ്യാഴാഴ്‌ച നടന്ന മത്സരത്തിൽ 34 പന്തിൽ 62 റൺസാണ് നിതീഷ് അടിച്ചെടുത്തത്. ഏഴ് സിക്‌സ് ഉൾപ്പെടുന്നതായിരുന്നു നിതീഷിന്റെ മനോഹര ഇന്നിംങ്ങ്സ്.

ഐപിഎല്ലിന്റെ പത്താം സീസണിലെ മികച്ച റൺ വേട്ടക്കാരിലൊരാളാണ് ഈ ഡൽഹി താരം. ഇതു വരെ പത്താം സീസണിൽ ആറ് മത്സരങ്ങളിൽ നിന്ന് 255 റൺസുമായി മികച്ച റൺ വേട്ടക്കാരുടെ പട്ടികയിലുമുണ്ട് നിതീഷ് റാണ.നിലവിൽ ഐപിഎല്ലിലെ മികച്ച റൺവേട്ടക്കാരനുളള ഓറഞ്ച് ക്യാപ്പിന്റെ ഉടമയാണ് നിതീഷ് റാണ.

2015-16ലെ രഞ്ജി ട്രോഫി ക്രിക്കറ്റിലൂടെയായിരുന്നു നിതീഷ് റാണയുടെ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റ് അരങ്ങേറ്റം. അന്ന് തൊട്ട് നിതീഷ് റാണ ക്രിക്കറ്റിലെ തന്റെ സാന്നിധ്യമറിയിച്ച് തുടങ്ങി. 2015മുതൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമാണ്.

പത്താം സീസണിലെ ആദ്യ മത്സരത്തിൽ 34 റൺസാണ് നിതീഷ് റാണ നേടിയത്. മുംബൈ ആ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും നിതീഷ് റാണയുടെ പ്രകടനം ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റി. പിന്നീടങ്ങോട്ടുളള മത്സരങ്ങൾ 50,45,11,53,62 ഇങ്ങനെ പോകുന്നു ഈ ഡൽഹി താരം നേടിയ റൺസുകൾ. ഇതിൽ എടുത്ത് പറയേണ്ടത് അവസാന മത്സരത്തിലെ പ്രകടനമാണ്.

199 റൺസെന്ന പഞ്ചാബിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന മുംബൈയുടെ വിജയത്തിൽ നിതീഷ് വഹിച്ച പങ്ക് ചെറുതല്ല. ബട്‌ലറുമായി ചേർന്ന് ബാറ്റിംങ്ങ് വെടിക്കെട്ട് തീർത്ത നിതീഷ് നേടിയത് മുംബൈയുടെ മറ്റൊരു വിജയം കൂടിയായിരുന്നു.

മത്സരങ്ങൾ ഇനിയും ശേഷിക്കെ ആരാധകർ കാത്തിരിക്കുകയാണ് നിതീഷ് റാണയൊരുക്കുന്ന പുതിയ ബാറ്റിംങ്ങ് വിരുന്നിനായി. ചാമ്പ്യൻസ് ട്രോഫിയിൽ കെ.എൽ.രാഹുൽ കളിക്കില്ലെന്നിരിക്കെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കാൻ സാധ്യതയുളള താരങ്ങളുടെ പട്ടികയിലും നിതീഷ് റാണയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ