ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്‌സ് വിജയിച്ചത് 59 റൺസിനാണ്. ബാറ്റ്‌സ്‌മാൻ നിതീഷ് റാണയാണ് കൊൽക്കത്തയുടെ വിജയശിൽപ്പികളിൽ ഒരാൾ. ആദ്യം ബാറ്റ് ചെയ്‌ത കൊൽക്കത്തയ്‌ക്ക് വേണ്ടി ഓപ്പണർ ബാറ്റ്‌സ്‌മാനായ നിതീഷ് റാണ 53 പന്തിൽ നിന്ന് 81 റൺസ് നേടി. 13 ഫോറും ഒരു സിക്‌സും അടങ്ങിയതാണ് റാണയുടെ വെടിക്കെട്ട് ഇന്നിങ്‌സ്.

അർധ സെഞ്ചുറി നേടിയ ശേഷം റാണ നടത്തിയ ആഹ്ളാദപ്രകടനമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസം അന്തരിച്ച തന്റെ ഭാര്യാപിതാവിന് വേണ്ടിയാണ് റാണ ഈ അർധ സെഞ്ചുറി സമർപ്പിച്ചത്. അർധ സെഞ്ചുറി നേടിയ ശേഷം റാണ ജഴ്‌സി ഉയർത്തികാണിച്ചു. കാൻസർ ബാധിച്ച് മരണമടഞ്ഞ തന്റെ ഭാര്യാപിതാവ് സുരിന്ദർ മർവയ്‌ക്ക് റാണ അർധ സെഞ്ചുറി സമർപ്പിച്ചു. റാണ ഉയർത്തികാണിച്ച ജഴ്‌സിയിൽ സുരിന്ദർ എന്ന പേരും എഴുതിയിട്ടുണ്ടായിരുന്നു. ഈ ദൃശ്യം ടിവിയിലൂടെ കണ്ട ക്രിക്കറ്റ് ആരാധകരും നേരിൽകണ്ട താരങ്ങളും ഒരു നിമിഷത്തേക്ക് ഏറെ വികാരനിർഭരരായി.

സുനിൽ നരെയ്‌നൊപ്പം മികച്ച കൂട്ടുക്കെട്ട്

42 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ കൊൽക്കത്തയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത് നിതീഷ് റാണ-സുനിൽ നരെയ്‌ൻ സഖ്യമാണ്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 115 റൺസിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയർത്തിയത്. സുനിൽ നരെയ്‌ൻ 32 പന്തിൽ 64 റൺസ് നേടി. ആറ് ഫോറും നാല് സിക്‌സും സഹിതമാണ് നരെയ്‌ൻ അർധ സെഞ്ചുറി നേടിയത്.

Read Also: ഇത്തവണ ഞങ്ങൾ വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ല; ധോണിയുടെ ദുഃഖം

വിമർശകരുടെ വായടപ്പിച്ച് നരെയ്‌ൻ

ഐപിഎൽ 13-ാം സീസൺ ആരംഭിച്ചതു മുതൽ ഏറെ പഴി കേട്ടിരുന്ന താരമാണ് കൊൽക്കത്തയുടെ സുനിൽ നരെയ്‌ൻ. മുൻ സീസണുകളിൽ കൊൽക്കത്തയ്‌ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ ഈ കരീബിയൻ താരത്തിന് ഇത്തവണ മികച്ചതെന്ന് എടുത്തുകാണിക്കാൻ ഒരു ഇന്നിങ്‌സ് പോലും ഇതുവരെ ഉണ്ടായിരുന്നില്ല. കൊൽക്കത്ത ഓപ്പണർ സ്ഥാനം നൽകി നരെയ്‌നെ പരീക്ഷിച്ചുകൊണ്ടിരുന്നപ്പോൾ ആരാധകർ അടക്കം ഇതിനെ വിമർശിച്ചു. എന്നാൽ, കൊൽക്കത്തയുടെ നിർണായക മത്സരത്തിൽ നരെയ്‌ൻ രണ്ടാം ടോപ് സ്‌കോററായി.

കൊൽക്കത്തയ്‌ക്ക് ആവേശജയം

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്‌സിന് ജയം. 59 റൺസിനാണ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഡൽഹിയെ കൊൽക്കത്ത പരാജയപ്പെടുത്തിയത്. കൊൽക്കത്തയുടെ 194 റൺസ് പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടാനെ സാധിച്ചുള്ളൂ. ആദ്യം ബാറ്റ് ചെയ്‌ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 194 റൺസ് നേടിയിരുന്നു. കൊൽക്കത്തയ്‌ക്ക് വേണ്ടി വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റുകൾ നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook