ഐപിഎൽ മൽസരങ്ങളുടെ ആവേശം ദിവസം കഴിയുന്തോറും ഇരട്ടിക്കുകയാണ്. ഇത്തവണ കപ്പുയർത്തുന്നത് ആരാണെന്ന് അറിയാൻ ആരാധകരും കാത്തിരിക്കുന്നു. പോയിന്റ് പട്ടികയിൽ സൺറൈസേഴ്സ് ഹൈദരാബാദാണ് മുന്നിലെങ്കിലും മറ്റു ടീമുകളെ എഴുതി തളളാറായിട്ടില്ല. കാരണം ഐപിഎല്ലിൽ ഇങ്ങനെ എഴുതിതളളിയ പല ടീമുകളും ചരിത്രം കുറിച്ചിട്ടുണ്ട്.

മൂന്നു തവണ ഐപിഎൽ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസും ഇത്തരത്തിലൊരു ടീമാണ്. പോയിന്റ് പട്ടികയിൽ മുംബൈ അഞ്ചാം സ്ഥാനത്താണെങ്കിലും കപ്പ് നേടാൻ മുംബൈയ്ക്ക് ഇപ്പോഴും കരുത്തുണ്ട്. ഇതിന് തെളിവായി കൊൽക്കത്തയ്ക്കെതിരായ അവസാന മൽസരം മുംബൈ ജയിച്ചത് നോക്കിയാൽ മാത്രം മതി.

നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 210 ആണ് മുംബൈ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയുടെ ഇന്നിങ്സ് 18.1 ഓവറിൽ അവസാനിച്ചു. 108 റൺസ് എടുക്കുന്നതിനിടെ കൊൽക്കത്തയുടെ മുഴുവൻ താരങ്ങളും പുറത്തായി. 102 റൺസിന്റെ പടുകൂറ്റൻ ജയമാണ് മുംബൈ നേടിയത്.

19 കാരനായ ഇഷാൻ കിഷനായിരുന്നു മുംബൈയെ മികച്ച സ്കോറിലേക്കെത്തിച്ചത്. മൂന്നാം വിക്കറ്റിൽ രോഹിത് ശർമയെ കൂട്ടുപിടിച്ചാണ് ഇഷാൻ മികച്ച കളി പുറത്തെടുത്തത്. ഇഷാന്റെ പടുകൂറ്റൻ അടിക്കു മുന്നിൽ രോഹിത് വെറും കാഴ്‌ചക്കാരനായി നിന്നു. കുൽദീപ് യാദവിന്റെ ഒരു ഓവറിൽ തുടർച്ചയായി നാലു സിക്‌സ് നേടിയാണ് അർധസെഞ്ചുറിയിലേക്കെത്തിയത്. ആകെ 21 പന്തുകൾ മാത്രം നേരിട്ട കിഷൻ, അഞ്ചു ബൗണ്ടറിയും ആറു സിക്‌സും സഹിതം 62 റൺസെടുത്താണ് പുറത്തായത്.

കളിക്കാരുടെ മികച്ച പ്രകടനം മാത്രമാണോ മുംബൈയുടെ വിജയത്തിനുപിന്നിലെന്ന് സംശയം ഉണർത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. മുംബൈ ഇന്ത്യൻസിന്റെ സഹ ഉടമയായ നിത അംബാനി മൽസരത്തിനിടയിൽ പ്രാർത്ഥന ചൊല്ലുന്ന വീഡിയോ ആണ് പുറത്തുവന്നിട്ടുളളത്.

മന്ത്രങ്ങൾ ഉരുവിട്ട് നിത അംബാനി പ്രാർത്ഥിക്കുന്നത് വീഡിയോയിൽ കാണാം. പ്രാർത്ഥ അവസാനിപ്പിച്ചശേഷം അടുത്തിരിക്കുന്ന സുഹൃത്തിനോട് സ്കോറിനെക്കുറിച്ച് നിത ചോദിക്കുന്നതും വീഡിയോയിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ