കോഴിക്കോട്: നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്‌തതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നടത്താനിരുന്ന ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പ് മാറ്റിവച്ചു. മെയ് 31 മുതൽ തിരുവനന്തപുരത്തായിരുന്നു ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പ് നടത്താൻ നിശ്ചയിച്ചിരുന്നത്.

കേരളത്തിലേക്ക് വരാൻ ബുദ്ധിമുട്ടുണ്ടെന്ന് താരങ്ങൾ ഫെഡറേഷനെ അറിയിച്ചതിനെ തുടർന്നാണ് ചാംപ്യൻഷിപ്പ് മാറ്റിവയ്ക്കാൻ ഫെഡറേഷൻ തീരുമാനിച്ചത്. പുതിയ വേദിയും മൽസര തീയതികളും ഫെഡറേഷൻ അറിയിച്ചിട്ടില്ല. ഇത് ഈ ആഴ്ച തന്നെ മാറ്റിസ്ഥാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം, ഉത്തരേന്ത്യയിൽ നിന്നുളള താരങ്ങളാണ് കേരളത്തിൽ ഈ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഫെഡറേഷനെ ആശങ്കയറിയിച്ചതെന്ന് അറിയുന്നു.

നിപ്പ വൈറസ് ബാധയേറ്റ് ഇതുവരെ മരിച്ചത് 12 പേരാണ്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്ക് അടുത്ത് പന്തിരിക്കര സൂപ്പിമുക്ക് വളച്ചുകെട്ടി വീട്ടിൽ നിന്നാണ് വൈറസ് പടർന്നത് എന്നാണ് കരുതുന്നത്. അതേസമയം. ഇതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. നിരവധി പേർ ഇപ്പോഴും നിരീക്ഷണത്തിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ