കാൽപ്പന്ത് കളിയുടെ മറുപേരായി പോലും വാഴ്ത്തപ്പെട്ട നാടാണ് ബ്രസീൽ. ഫുട്ബോൾ അവർക്ക് വിനോദം മാത്രമല്ല. അതിനപ്പുറത്താണ് അവരുടെ കളിപ്രേമം. പെലെ മുതൽ നെയ്‌മർ വരെ കാൽപ്പന്തിന്റെ ലോകം ചുറ്റിനിൽക്കുന്ന നാടാണത്. എന്നാൽ ഫുട്ബോളിന്റെ മാന്യത തകർക്കുന്ന നിലയിൽ അക്രമത്തിന് ബ്രസീലിലെ മൈതാനം സാക്ഷിയാകുന്നുവെന്ന് വന്നാലോ?

താരങ്ങളുടെ കൂട്ടത്തല്ലിനെ തുടർന്ന് ചുവപ്പുകാർഡ് കണ്ട് ഭൂരിഭാഗം പേരും പുറത്തായതോടെ കളി ഉപേക്ഷിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി ബ്രസീലിൽ. കഴിഞ്ഞ ദിവസം നടന്ന വിട്ടോറി-ബഹിയ മത്സരത്തിലാണ് അടി കൂട്ടത്തല്ലിലേക്ക് നീങ്ങിയത്.

ഗോൾ നേടിയ ശേഷം നടത്തിയ ആഘോഷത്തിൽ എതിരാളികളെ കളിയാക്കിക്കൊണ്ടുളള പ്രവൃത്തികൾ ഉണ്ടായതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. 33ാം മിനിറ്റിൽ ഡെനിൽസണിലൂടെ മുന്നിലെത്തിയ വിട്ടോറിയെ രണ്ടാം പകുതിയിൽ വിനീഷ്യസിലൂടെ ബഹിയ സമനിലയിലാക്കി. ഇതിന് ശേഷം വിനീഷ്യസും കൂട്ടരും ആരാധകരെ നോക്കി നടത്തിയ ഗോളാഘോഷമാണ് പ്രകോപനം ഉണ്ടാക്കിയത്.

വിനീഷ്യസിനെ കഴുത്തിന് പിടിച്ച് വിട്ടോറി ഗോളിയാണ് അടി തുടങ്ങിവച്ചത്. പിന്നാലെ വിട്ടോറിയയുടെ കൂടുതൽ താരങ്ങളെത്തി. ഇരു ടീമും പോരടിച്ചതോടെ മൈതാനം ഫുട്ബോളിന്റെ ഏറ്റവും വൃത്തികെട്ട കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു.

ആദ്യം ഒന്നും ചെയ്യാനാകാതെ നോക്കിനിന്ന റഫറിമാർ പിന്നീട് ഇരുവിഭാഗത്തെയും ശാന്തരാക്കി. മൂന്ന് വിട്ടോറിയ താരങ്ങൾക്കും രണ്ട് ബഹിയ താരങ്ങൾക്കും ചുവപ്പുകാർഡ് കിട്ടി. പിന്നീട് കളി പുനരാരംഭിച്ചെങ്കിലും ഇരുവിഭാഗത്തിന്റെയും രോഷം അവസാനിച്ചിരുന്നില്ല. പിന്നാലെ ഇരുവിഭാഗത്തെയും ഓരോ താരങ്ങൾക്ക് കൂടി ചുവപ്പുകാർഡ് ലഭിച്ചു.

പിന്നീട് കളി തുടർന്നു. വെറും പതിമൂന്ന് മിനിറ്റ് മാത്രം ശേഷിക്കേ വിട്ടോറിയുടെ അഞ്ചാമത്തെ താരവും ചുവപ്പുകാർഡ് കണ്ട് പുറത്തായി. ഇതോടെ കളി ഉപേക്ഷിക്കാൻ റഫറി തീരുമാനിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ