വിയന്ന: ഫോര്‍മുല വണ്‍ ഇതിഹാസ താരം നിക്ക ലൗഡ അന്തരിച്ചു. 70 വയസുകാരനായ ലൗഡ കഴിഞ്ഞ ഒരു വര്‍ഷത്തോളമായ വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ മൂലവും ശ്വാസകോശ സംബന്ധമായ രോഗം മൂലവും ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ ശ്വാസകോശം മാറ്റിവെക്കുകയും ചെയ്തിരുന്നു.

ഈ വര്‍ഷമാദ്യം ലൗഡയെ പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പുറമെ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നും കിഡ്‌നി ഡയാലിസിസും ചെയ്തിരുന്നുവെന്നാണ് ഓസ്ട്രിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് വട്ടം ഫോര്‍മുല വണ്‍ ചാമ്പ്യനായിട്ടുള്ള ലൗഡയുടെ മരണ വിവരം കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു കായിക താരമെന്ന നിലയിലും സംരംഭകന്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ മറക്കാനാകില്ലെന്നും കുടുംബം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ പറയുന്നു.

ഫോര്‍മുല വണിന്റെ നാല് പതിറ്റാണ്ട് നീണ്ട ചരിത്രത്തിന്റെ ഭാഗമാണ് നിക്കി ലൗഡ. കാറോട്ടക്കാരനായും കണ്‍സള്‍ട്ടിങ് മാനേജരായും ടിം പ്രിന്‍സിപ്പാളായും നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായും അദ്ദേഹം ഫോര്‍മുലാ വണ്ണില്‍ നിറഞ്ഞു നിന്നു. 1971 ല്‍ ഫോര്‍മുല വണ്ണില്‍ അരങ്ങേറിയ ലൗഡ 1974 ലാണ് ആദ്യ റെയ്‌സ് ജയിക്കുന്നത്. ഫെരാരിയുടെ ഡ്രൈവറായിരുന്നു ലൗഡ. 1975 ലാണ് ആദ്യ കിരീടം സ്വന്തമാക്കുന്നത്.

റെയ്‌സിങ് ട്രാക്കിലെ രാജാവായ ലൗഡ 1976 ല്‍ വളരെ വലിയൊരു അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റു. അതിനാല്‍ ആ വര്‍ഷം കിരീടം നിലനിര്‍ത്താനായില്ല. വെറും രണ്ട് പോയന്റിനായിരുന്നു ലൗഡയ്ക്ക് കിരീടം നഷ്ടമായത്. എന്നാല്‍ 1977 ല്‍ ശക്തമായി തിരികെ വന്ന ലൗഡ തന്റെ രണ്ടാം കിരീടവും സ്വന്താക്കി. രണ്ട് വര്‍ഷത്തിന് ശേഷം റെയ്‌സിങ്ങില്‍ നിന്നും വിരമിച്ച ലൗഡ 1982 ല്‍ മക്ലാരനിലൂടെ തിരികെ വന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ മൂന്നാം കിരീടവും സ്വന്തമാക്കി. 1985 ല്‍ റെയ്‌സിങ്ങില്‍ നിന്നും ലൗഡ വിരമിച്ചു.

പിന്നാലെ ഫെരാരിയുടെ കണ്‍സള്‍ട്ടിങ് മാനേജരായും ജാഗുവറിന്റെ ടീം പ്രിന്‍സിപ്പളായും ലൗഡ എത്തി. 2012 ല്‍ മെര്‍സിഡന്‍സിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook