‘ഈ സംഭവം ഞാനെന്റെ തലയ്ക്കുള്ളില്‍ അടച്ചിടുകയാണ്. രാജ്യത്തിനായി കളിക്കുകയാണ് ഏറ്റവും പ്രധാനം.’ തന്റെ അച്ഛനെ അക്രമികള്‍ തട്ടിക്കൊണ്ടു പോയി എന്ന വാര്‍ത്ത കേട്ട നൈജീരിയന്‍ നായകന്‍ ജോണ്‍ മൈക്കിള്‍ ഓബി ടീം മാനേജുമെന്റിനോട് പറഞ്ഞതാണ്. അര്‍ജന്റീനയ്‌ക്കെതിരായ നിര്‍ണ്ണായകമായ മത്സരത്തിന് വെറും നാല് മണിക്കൂര്‍ മുമ്പാണ് ഓബി അച്ഛനെ തട്ടിക്കൊണ്ടു പോയ വാര്‍ത്ത അറിയുന്നത്.
എന്നാല്‍ വാര്‍ത്ത പുറത്ത് വിടാതെ ഓബി കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നൈജീരിയ അര്‍ജന്റീനയോട് പരാജയപ്പെട്ടത്.
ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയ, നൈജീരിയന്‍ ലോകകപ്പ് നായകന്‍ ജോണ്‍ മൈക്കിള്‍ ഓബിയുടെ പിതാവിനെ ഇന്നലെയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ആഴ്‌ചയായിരുന്നു പിതാവ് മൈക്കിള്‍ ഓബിയെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടു പോയത്.
പിതാവിനൊപ്പം അദ്ദേഹത്തിന്റെ ഡ്രൈവറുമുണ്ടായിരുന്നു. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരേയും വണ്ടി തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോയ അക്രമികള്‍ ഘോരവനത്തിനുള്ളില്‍ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. മൈക്കിള്‍ ഓബിയേയും ഡ്രൈവറേയും മോചിപ്പിച്ചതായി നൈജീരിയിലെ ഇനെഗു സംസ്ഥാനത്തെ പൊലീസ് മേധാവിയുടെ വക്താവാണ് അറിയിച്ചത്.
അതേസമയം തട്ടിക്കൊണ്ടു പോയവര്‍ മൈക്കിള്‍ ഓബിയെ ദേഹോപദ്രവമൊന്നും ചെയ്‌തില്ലെന്നും എന്നാല്‍ അഞ്ച് കിലോമീറ്ററോളം ദൂരം കനത്ത മഴയില്‍ നടത്തിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
പിതാവിനെ മോചിതനാക്കാന്‍ അക്രമികള്‍ 10 മില്യണ്‍ നൈജീരിയന്‍ നാണയമായിരുന്നു ചോദിച്ചിരുന്നത്. അറുപതിന് മുകളില്‍ പ്രായമുള്ള തന്റെ പിതാവിനെ രക്ഷിക്കാന്‍ നൈജീരിയന്‍ നായകന്‍ ജോണ്‍ ഓബി ഈ പണം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, വെടിവയ്‌പിനൊടുവില്‍ പൊലീസ് മൈക്കിളിനേയും ഡ്രൈവറേയും രക്ഷിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തില്‍ ഇതുവരേയും അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. പൊലീസ് അന്വേഷണം നടത്തി വരികയാണ്. നേരത്തേയും മൈക്കിള്‍ ഓബിയെ തട്ടിക്കൊണ്ടു പോയിരുന്നു. 2011 ലായിരുന്നു അത്. നഗരത്തില്‍ നിന്നും മടങ്ങി വരികെയായിരുന്നു അദ്ദേഹത്തെ അന്ന് തട്ടിക്കൊണ്ടു പോയത്.
ദക്ഷിണ നൈജീരിയില്‍ തട്ടിക്കൊണ്ടു പോകല്‍ നിത്യ സംഭവമാണ്. സമൂഹത്തില്‍ വിലയുള്ള കുടുംബങ്ങളിലെ അംഗങ്ങളെ തട്ടിക്കൊണ്ടു പോകുന്നതും മോചിപ്പിക്കണമെങ്കില്‍ വന്‍ തുക നല്‍കണമെന്ന് ആവശ്യപ്പെടുന്നതും സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.