ബോളിവുഡ് സുന്ദരികളും ക്രിക്കറ്റ് താരങ്ങളും തമ്മിലുളള പ്രണയം ഗോസിപ്പ് കോളങ്ങളിൽ പലപ്പോഴും നിറഞ്ഞുനിൽക്കാറുണ്ട്. വിരാട് കോഹ്‌ലിയും അനുഷ്‌കയും വിവാഹിതരായതോടെ പാപ്പരാസികൾ പിന്നെ ഹാർദിക് പാണ്ഡ്യയുടെ പുറകേയായിരുന്നു. ഹാർദിക്കും നടിയും മോഡലുമായ എല്ലി അവ്രാമും പ്രണയത്തിലാണെന്ന് വാർത്തകൾ പരന്നു. പൊതുഇടങ്ങളിൽ ഇരുവരും ഒരുമിച്ച് എത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകരും ഇക്കാര്യം ഉറപ്പിച്ചു.

ക്രിക്കറ്റ് താരം കെ.എൽ.രാഹുലിന്റെ പുറകേയാണ് ഇപ്പോൾ പാപ്പരാസികൾ. കഴിഞ്ഞ ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനു വേണ്ടി മിന്നും പ്രകടനം കാഴ്‌ചവച്ച രാഹുൽ ബോളിവുഡ് സുന്ദരിക്കൊപ്പം ഡിന്നറിന് പോയതാണ് പാപ്പരാസികളുടെ ഇപ്പോഴത്തെ സംസാര വിഷയം. രാഹുലും ബോളിവുഡ് നടി നിധി അഗർവാളും ഒരുമിച്ചുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

2016 ൽ പുറത്തിറങ്ങിയ മുന്ന മിഷേലിലെ നായികയാണ് നിധി. ഇപ്പോൾ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്ന സവ്യാസാചി ചിത്രത്തിന്റെ തിരക്കുകളിലാണ് താരം. നാഗ ചൈതന്യയാണ് ചിത്രത്തിലെ നായകൻ. കെ.എൽ.രാഹുലുമായുളള സൗഹൃദത്തെക്കുറിച്ച് സ്‌പോട്ബോയ്ഇ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ നിധി പറഞ്ഞത് ഇങ്ങനെ:

”രാഹുൽ എന്റെ പഴയ സുഹൃത്താണ്. ഞാൻ രാഹുലിനൊപ്പം ഡിന്നറിന് പുറത്ത് പോയിരുന്നു. രാഹുൽ ക്രിക്കറ്റ് താരമാകുന്നതിനു മുൻപേ ഞങ്ങൾ തമ്മിൽ സുഹൃത്തുക്കളാണ്. അപ്പോൾ ഞാൻ സിനിമയിൽ എത്തിയിട്ടില്ല. ബെംഗളൂരുവിലെ കോളേജിൽ ഞങ്ങൾ ഒരുമിച്ചല്ല പഠിച്ചതെങ്കിലും വർഷങ്ങളായി രാഹുലിനെ പരിചയമുണ്ട്”.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook