കുറച്ച് നാളുകൾക്ക് മുമ്പാണ് ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുലിനെയും ബോളിവുഡ് നടി നിഥി അഗർവാളിനെയും ചേർത്ത് ചില ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ ഒരേ നാട്ടുകാരായ ഇരുവർക്കും കഴിഞ്ഞ കുറെ നാളുകളായി അടുത്തറിയുന്നവരാണെന്നും നല്ല സുഹൃത്തുക്കളാണെന്നതും ഇതിന്റെ സാധ്യത കുറച്ചിരുന്നു. 2018 ൽ ബാന്ദ്രയിലെ ഒരു ഭക്ഷണശാലയിൽ ഇരുവരെയും ഒന്നിച്ച് കണ്ടെതാണ് ഇരുവരും പ്രണയത്തിലാണെന്ന വാദങ്ങൾക്ക് കാരണമായി പറഞ്ഞിരുന്നത്.
അതേസമയം സംഭവത്തിൽ വ്യക്തത വരുത്തി കെഎൽ രാഹുൽ തന്നെ ഒരിക്കൽ രംഗത്തെത്തിയിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും രണ്ടുപേരും ബാംഗ്ലൂരിൽ നിന്നാണ് എന്നതാണ് സൗഹൃദത്തിന് പിന്നിലെ കാരണമെന്നുമായിരുന്നു താരം പറഞ്ഞത്. എന്നാൽ അടുത്തിടെ നിഥി അഗർവാൾ രാഹുലിനെ സമൂഹമാധ്യമങ്ങളിൽ നിന്നും അൺഫോളോ ചെയ്തതോടെ ഇരുവരും പിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകളും സജീവമായി.
Also Read: ‘എന്റെ ആൾ’; കെ.എൽ രാഹുലിനെ ‘സ്വന്തമാക്കി’ ആതിയ ഷെട്ടി
അതേസമയം ബോളിവുഡ് നടിയും സുനിൽ ഷെഡ്ഡിയുടെ മകളുമായ അതിയ ഷെഡ്ഡിയുമായി രാഹുൽ പ്രണയത്തിലാണെന്ന വാർത്തകളും സജീവമായി. ഇതാണ് നിഥി രാഹുലിനെ അൺഫോളോ ചെയ്യാനുള്ള കാരണമായും ഉയർന്നുവന്നു. എന്നാൽ ഇതിനെല്ലാം വ്യക്തത വരുത്തിയിരിക്കുകയാണ് നിഥി അഗർവാൾ.
“ഇല്ല, ഞാൻ ഇപ്പോഴും അവനെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നുണ്ട്. വാസ്തവത്തിൽ, ഞങ്ങൾ സുഹൃത്തുക്കളാണ്. അദ്ദേഹം വളരെ നല്ല ക്രിക്കറ്റ് കളിക്കാരനാണ്. രാഹുലും ഞാനും ബാംഗ്ലൂരിൽ നിന്നുമുള്ളവരുമാണ്.” നിഥി പറഞ്ഞു. വളരെക്കാലമായി രാഹുലിനെ അറിയാമെന്നും എപ്പോഴും അദ്ദേഹത്തെയോർത്ത് അഭിമാനമാണെന്നും നിഥി കൂട്ടിച്ചേർത്തു.
ഏപ്രിൽ 18 നു കെ.എൽ.രാഹുലിന്റെ ജന്മദിനമായിരുന്നു. നിരവധിപേരാണ് രാഹുലിനു ജന്മദിനാശംസകൾ നേർന്നു രംഗത്തെത്തിയത്. അതിൽ ഏറ്റവും സ്‌പെഷ്യലും ആരാധകർ കാത്തിരുന്നതുമായ ആശംസയായിരുന്നു ആതിയയുടേത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കു കരുത്ത് പകരുന്നതാണ് ആതിയ ഷെട്ടിയുടെ ആശംസ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രവും കുറിപ്പും ആരാധകർ ഏറ്റെടുത്തു. ‘ഹാപ്പി ബർത്‌ഡേ, എന്റെ ആൾ’ എന്ന കുറിപ്പോടെയാണ് രാഹുലിനൊപ്പം ഇരിക്കുന്ന ചിത്രം ആതിയ പങ്കുവച്ചിരിക്കുന്നത്.
2015ൽ ‘ഹീറോ’ എന്ന സിനിമയിലൂടെയാണ് ആതിയ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സുനിൽ ഷെട്ടിയുടെയും മന ഷെട്ടിയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ്. ആതിയ ഷെട്ടിയും രാഹുലും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ പരസ്യപ്രതികരണവുമായി സുനിൽ ഷെട്ടി രംഗത്തെത്തിയിരുന്നു. തന്റെ മകൾക്ക് ഇഷ്‌ടമുള്ളവരെ വിവാഹം കഴിക്കാമെന്നാണ് സുനിൽ ഷെട്ടി അന്നു പറഞ്ഞത്.