ധാക്ക: നിദാഹാസ് ട്രോഫിയിൽ ബംഗ്ലാദേശ് താരങ്ങളുടെ മൈതാനത്തെ ആഹ്ലാദ പ്രകടനങ്ങൾ വൻ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ശ്രീലങ്കയ്ക്ക് എതിരെ വിജയം നേടിയശേഷം ലങ്കൻ താരങ്ങളെ കളിയാക്കി ബംഗ്ലാദേശ് താരങ്ങൾ മൈതാനത്ത് നടത്തിയ കോബ്ര ഡാൻസ് ഏറെ വിവാദമായിരുന്നു. മൽസരം വിജയിച്ചശേഷവും കലിയടങ്ങാതെ ബംഗ്ലാദേശ് താരങ്ങൾ തങ്ങളുടെ ഡ്രെസിങ് റൂമിന്റ ഗ്ലാസ് ഡോറും തകർത്തിരുന്നു.

ശ്രീലങ്കയെ വിജയിച്ച് ഫൈനലിലെത്തിയ ബംഗ്ലാദേശ് താരങ്ങളുടെ എതിരാളികൾ ഇന്ത്യയായിരുന്നു. ഫൈനലിൽ ഇന്ത്യയെ മുട്ടുകുത്തിക്കാം എന്ന ആത്മവിശ്വാസത്തോടെയാണ് ബംഗ്ലാദേശ് കളിക്കളത്തിലിറങ്ങിയത്. എന്നാൽ ദിനേശ് കാർത്തിക്കിന്റെ അസാമാന്യ പ്രകടനം ബംഗ്ലാദേശിന്റെ സ്വപ്നങ്ങളെ തച്ചുടച്ചു. അവസാന ഓവറിൽ ദിനേശ് കാർത്തിക്കിന്റെ മിന്നും പ്രകടനം നിദാഹാസ് കിരീടം ഇന്ത്യയ്ക്ക് നേടിക്കൊടുത്തു.

ഫൈനലിൽ റൺഔട്ടായപ്പോൾ ബംഗ്ലാദേശ് താരം മഹ്‌മൂദുല്ല തന്റെ അരിശം തീർത്തതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്. ആറാമതായാണ് മഹ്‌മൂദുല്ല ബാറ്റിങ്ങിനെത്തിയത്. 16 ബോളിൽനിന്നായി 21 റൺസ് എടുത്തു നിൽക്കുമ്പോഴാണ് റൺഔട്ടിലൂടെ പുറത്തായത്. അപ്രതീക്ഷിതമായുളള പുറത്താകൽ താരത്തിന് ഒട്ടും സഹിക്കാനായില്ല. മൈതാനത്ത് അരിശം തീർക്കാൻ സാധിക്കാതെ ഡ്രെസിങ് റൂമിലേക്ക് പോകുന്ന വഴി ഉണ്ടായിരുന്ന ഇരുമ്പു കമ്പിയിൽ ചവിട്ടിയാണ് മഹ്‌മൂദുല്ല കലിയടക്കിയത്.

മഹ്‌മൂദുല്ല പുറത്താകാതെയിരുന്നെങ്കിൽ ബംഗ്ലാദേശിന്റെ സ്കോർ നിലയിൽ പത്തോ പതിനഞ്ചോ റൺസ് കൂടി കൂട്ടിച്ചേർക്കുമായിരുന്നു. ഒരുപക്ഷേ ഫൈനലിൽ ബംഗ്ലാദേശിന്റെ വിജയത്തിലേക്കും ഇതു നയിച്ചേനെ. ഇതേ മഹ്‌മൂദുല്ലയുടെ ഒറ്റയാൾ പോരാട്ടമാണ് സെമിഫൈനലിൽ ലങ്കയെ തറപറ്റിക്കാൻ ബംഗ്ലാദേശിനെ സഹായിച്ചത്. 18 പന്തിൽനിന്നും പുറത്താകാതെ 43 റൺസാണ് മഹ്‌മൂദുല്ല ശ്രീലങ്കയ്ക്കെതിരെ നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ