കൊളംബോ: റിഷഭ് പന്തിന്റെ മോശം ഫോമിനെ തുടർന്ന് ലങ്കയ്ക്ക് എതിരായ മത്സരത്തിൽ ടീമിലിടം നേടിയ കെഎൽ രാഹുലിന് നാണക്കേടിന്റെ റെക്കോഡ്. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ഹിറ്റ് വിക്കറ്റായി പുറത്തായതോടെയാണ് കെഎൽ രാഹുൽ നാണക്കേടിന്റെ അത്യപൂർവ്വ റെക്കോഡിന് അർഹനായത്.

ബാക്ക് ഫൂട്ടിൽ കളിച്ച് ഹിറ്റ് വിക്കറ്റായതോടെ ലോക ക്രിക്കറ്റിൽ ടി20 യിൽ ഹിറ്റ് വിക്കറ്റായി പുറത്താകുന്ന ആദ്യ ഇന്ത്യൻ താരമായി മാറി കെഎൽ രാഹുൽ. രോഹിത് ശർമ്മ, ശിഖർ ധവാൻ, സുരേഷ് റെയ്‌ന എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി ഇന്ത്യ പ്രതിസന്ധി ഘട്ടത്തിൽ നിൽക്കെയാണ് കെഎൽ രാഹുൽ വിക്കറ്റ് തുലച്ച് പുറത്തായത്. മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചെങ്കിലും കെഎൽ രാഹുൽ പരിഹാസ്യനായി മാറി.

പത്താം ഓവറിൽ ജീവൻ മെന്റിസിന്റെ പന്ത് നേരിടാനായി ക്രീസിൽ ഏറെ പിന്നോട്ടിറങ്ങി കളിച്ചാണ് കെഎൽ രാഹുൽ വിക്കറ്റ് തുലച്ചത്. ഈ സമയത്ത് 17 പന്ത് നേരിട്ട രാഹുൽ നേടിയതാകട്ടെ 18 റൺസും. ഇതോടെ ഇന്ത്യ നാലിന് 85 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.

ഐപിഎൽ 2018 സീസണിൽ കിംഗ്‌സ് ഇലവൻ പഞ്ചാബ് 11 കോടി രൂപയ്ക്കാണ് കെഎൽ രാഹുലിനെ സ്വന്തമാക്കിയത്. ടി20 ക്രിക്കറ്റിൽ ഇത്തരത്തിൽ പുറത്താക്കപ്പെട്ട ഒൻപത് പേരിൽ ഒരാളായി ഇദ്ദേഹവും. ഡിവില്ലിയേഴ്സ്, ദിനേശ് ചാണ്ടിമൽ, മിസ്ബാ ഉൾ ഹഖ്, മൊഹമ്മദ് ഹഫീസ് തുടങ്ങിയവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ