നിദാഹാസ് ട്രോഫി: ഇന്ത്യയെ ജയിപ്പിച്ചത് ദിനേശ് കാർത്തിക്കിനെ അസ്വസ്ഥമാക്കിയ രോഹിത്തിന്റെ തീരുമാനം

നിദാഹാസ് ട്രോഫി ഇന്ത്യ-ബംഗ്ലാദേശ് ഫൈനൽ മൽസരത്തിൽ രോഹിത് ശർമ്മ എടുത്ത ഒരു തീരുമാനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്

നിദാഹാസ് ത്രിരാഷ്ട്ര കിരീട നേട്ടത്തോടെ ഇന്ത്യൻ നായകനാവാൻ താൻ യോഗ്യനാണെന്ന് ഒരിക്കൽക്കൂടി രോഹിത് ശർമ്മ തെളിയിച്ചിരിക്കുന്നു. ടി 20 ക്രിക്കറ്റിൽ രോഹിത്തിന്റെ ക്യാപ്റ്റൻ മികവിനെ പ്രശംസിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്. ഒരു മൽസരത്തിൽ ക്യാപ്റ്റൻ എടുക്കുന്ന തീരുമാനം ആ കളിയുടെ ഗതി പോലും മാറ്റിമറിക്കും. കളിക്കാർക്ക് അത് ചിലപ്പോൾ അസ്വസ്ഥത നൽകുമെങ്കിലും മൽസരം വിജയിച്ചു കഴിയുമ്പോൾ ക്യാപ്റ്റന്റെ ആ തീരുമാനത്തെ അവരും സല്യൂട്ട് ചെയ്യും.

നിദാഹാസ് ട്രോഫി ഇന്ത്യ-ബംഗ്ലാദേശ് ഫൈനൽ മൽസരത്തിൽ രോഹിത് ശർമ്മ എടുത്ത ഒരു തീരുമാനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ജയിക്കാൻ 169 റൺസ് തേടിയിറങ്ങിയ ഇന്ത്യയെ മുന്നിൽ നിന്നു നയിച്ചത് ക്യാപ്റ്റൻ രോഹിത്തായിരുന്നു. മുൻനിര ബാറ്റ്സ്മാന്മാരെല്ലാം ഓരോരുത്തരായി മടങ്ങിയപ്പോൾ രോഹിത് ഒറ്റയ്ക്ക് കളി ഏറ്റെടുത്തു. 56 റൺസ് നേടിയാണ് രോഹിത് കളിക്കളം വിട്ടത്. 14-ാം ഓവറിൽ രോഹിത് ക്രീസിൽനിന്നും മടങ്ങുമ്പോൾ ഇന്ത്യയ്ക്ക് 6.4 ഓവറിൽനിന്നും ജയിക്കാൻ 70 റൺസ് വേണ്ടിയിരുന്നു.

രോഹിത് മടങ്ങിയതോടെ ആറാമനമായി ദിനേശ് കാർത്തിക് എത്തുമെന്നാണ് ഏവരും കരുതിയത്. പക്ഷേ വിജയ് ശങ്കർ ആണ് ദിനേശിന് പകരക്കാരനായി എത്തിയത്. ഇത് ഏവരെയും അതിശയിപ്പിച്ചു. ഈ തീരുമാനത്തിൽ ദിനേശ് കാർത്തിക്കും അസ്വസ്ഥനായെന്ന് രോഹിത് മൽസരശേഷം വെളിപ്പെടുത്തി. ഇത്തരമൊരു നിർണായക സമയത്ത് തന്നെപ്പോലെ പരിചയസമ്പന്നനായ കളിക്കാരനു പകരം വിജയ് ശങ്കറെ ഇറക്കിയതാണ് ദിനേശ് കാർത്തിക്കിനെ അസ്വസ്ഥമാക്കിയത്.

‘ഞാൻ പുറത്തായി പവലിയനിലേക്ക് മടങ്ങിയപ്പോൾ അവൻ (ദിനേശ് കാർത്തിക്) അസ്വസ്ഥനായി അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ആറാമനായി തന്നെ ഇറക്കാത്തതിൽ അവന് നിരാശയുണ്ടായിരുന്നു’, രോഹിത് പറഞ്ഞു. ‘ഈ അവസരത്തിൽ മൂന്നോ നാലോ ഓവർ ബാക്കിയുളളപ്പോൾ നിന്നെ ഇറക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം നിന്നെപ്പോലൊരു കളിക്കാരന് മൽസരം ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. നിനക്ക് അതിനുളള കഴിവുണ്ടെന്ന് ഞാൻ അവനോട് പറഞ്ഞു’.

കാർത്തിക്കിനെ അവസാന ഓവറുകൾ ഇറക്കാനാണ് 6-ാമതായി ഇറക്കാതിരുന്നത്. എന്റെ ആ തീരുമാനം തെറ്റിയില്ല. അവൻ ഭംഗിയായി മൽസരം പൂർത്തിയാക്കി. ഇപ്പോൾ അവൻ വലിയ സന്തോഷത്തിലാണ്. അവസാന മൽസരത്തിൽ അവൻ നടത്തിയ പ്രകടനം മുന്നോട്ടുളള മൽസരങ്ങൾക്ക് അവന് കൂടുതൽ പ്രചോദനം പകരും, രോഹിത് പറഞ്ഞു.

ഒരു ടീമിൽ ഒരു മികച്ച കളിക്കാരൻ എപ്പോഴും ഉണ്ടാവും. മറ്റുളളവർ പരാജയപ്പെടുന്നിടത്ത് അയാൾ മൽസരം വിജയിപ്പിക്കും. വിജയ് ശങ്കറിന് നല്ല പ്രകടനം നടത്താനാവാത്തത് ദൗർഭാഗ്യകരമാണ്. ഈ ടൂർണമെന്റിൽ ആദ്യമായാണ് വിജയ് ബാറ്റ് ചെയ്യുന്നത്. വളരെ സമ്മർദ്ദമേറിയ സമയത്ത് ഒരു തുടക്കക്കാരന് ബാറ്റിങ് പ്രയാസകരമാണ്. പക്ഷേ ഈ മൽസരത്തിൽനിന്നും വിജയ് ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്ന് എനിക്ക് ഉറപ്പാണ്- രോഹിത് പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Nidahas trophy final dinesh karthik upset with rohit sharmas no 6 gamble india escape blunder

Next Story
സന്തോഷ് ട്രോഫിയിൽ ഛണ്ഡീഗഡിനെ ഗോൾ മഴയിൽ മുക്കി കേരളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express