കൊളംബോ: ക്രിക്കറ്റ് ആരാധകർ ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ഒരു മത്സരമായിരിക്കും നിദാഹസ് ട്രോഫിയുടെ കലാശപ്പോരാട്ടം. ആവേശവും, അനിശ്ചിതത്വവും, ആഘോഷവും നിറഞ്ഞ് നിന്ന ഇന്ത്യ Vs ബംഗ്ലാദേശ് പോരാട്ടം ആരാധകരുടെ ഓർമ്മ പുസ്തകത്തിൽ ഇടംപിടിച്ച് കഴിഞ്ഞിട്ടുണ്ടാകും. തോൽവിയുടെ മുനമ്പിൽ നിന്ന് അവിശ്വസിനീയമായ തിരിച്ച് വരവ് നടത്തിയ ഇന്ത്യൻ കുതിപ്പിന് ചുക്കാൻ പിടിച്ചത് ധോണിയുടെ നിഴലിൽ ഒതുങ്ങിപ്പോയ ദിനേശ് കാർത്തിക്കാണ്.

വിജയിക്കാൻ 18 പന്തുകളിൽ 34 റൺസ് ആവശ്യമായി നിൽക്കെയാണ് ദിനേശ് കാർത്തിക് ക്രീസിൽ എത്തുന്നത്. പതിനെട്ടാം ഓവറിൽ പന്തെടുത്ത മുസ്താഫിസൂർ റഹ്മാൻ പക്ഷെ ഇന്ത്യൻ ബാറ്റ്സ്മാമാരെ വരിഞ്ഞ് മുറുക്കി. മനീഷ് പാണ്ഡെയെ പവലിയനിലേക്ക് മടക്കി അയച്ച ഇടങ്കയ്യൻ പേസർ ഒരു റൺസ് പോലും വഴങ്ങിയതും ഇല്ല.

വിജയം മണത്ത ഷക്കീബ് അൽ ഹസൻ പത്തൊമ്പതാം ഓവർ എറിയാൻ വലങ്കയ്യൻ പേസർ റൂബൽ ഹുസൈന് പന്ത് നൽകി. ആദ്യമായി സ്ട്രൈക്കിങ് എൻഡിൽ എത്തിയ ദിനേശ് കാർത്തിക് ബംഗ്ലാദേശിന്റെ കൈകളിൽ നിന്ന് മത്സരം തട്ടി എടുത്തു. ആദ്യ പന്ത് സിക്സർ പറത്തി കാർത്തിക് തന്റെ നയം പ്രഖ്യാപിച്ചു. രണ്ടം പന്ത് ബൗണ്ടറിയിലേക്ക് പായിച്ച കാർത്തിക്, മൂന്നാം പന്ത് വീണ്ടും സിക്സർ പറത്തി. നാലാം പന്തിൽ റൂബലിന്റെ പന്ത് ഓഫ്സൈഡിലേക്ക് കട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും കാർത്തിക്കിന് ടൈമിങ് പിഴച്ചു. അഞ്ചാം പന്ത് ലോങ് ഓണിലേക്ക് അടിച്ചകറ്റിയ കാർത്തിക് 2 റൺസ് ഓടി എടുത്തു. അവസാന പന്തിൽ യോർക്കർ പരീക്ഷ റൂബലിന്രെ പന്ത് മികച്ചൊരു സ്ക്കൂപിലൂടെ കാർത്തിക് ബൗണ്ടറിയിലേക്ക് പായിച്ചു. നിർണ്ണായകമായ പത്തൊമ്പതാം ഓവറിൽ ഇന്ത്യയുടെ സമ്പാദ്യം 22 റൺസ്.

അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 12 റൺസ്. ആദ്യ മൂന്ന് പന്തിൽ 3 റൺസ് മാത്രമാണ് വിജയ് ശങ്കറിന് നേടാനായത്. നാലാം പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് വിജയ് ഇന്ത്യയുടെ പ്രതീക്ഷ കാത്തു. എന്നാൽ തൊട്ടടുത്ത പന്ത് അതിർത്ത് കടത്താൻ ശ്രമിച്ച വിജയുടെ ശ്രമം ബംഗ്ലാദേശ് ഫീൽഡറുടെ കൈകളിലാണ് അവസാനിച്ചത്. അവസാന പന്തിൽ ഇന്ത്യക്ക് വേണ്ടത് 5 റൺസ്. സട്രൈക്കിങ് എൻഡിൽ കട്ട കലിപ്പിൽ ദിനേശ് കാർത്തിക്. അവസാന പന്ത് ഓഫ്സൈഡിന് പുറത്തേക്ക് എറിഞ്ഞ സൗമ്യ സർക്കാർ ദിനേശ് കാർത്തിക്കിനെ വെല്ലുവിളിച്ചു. എന്നാൽ ഈ​ പന്ത് എക്സ്ട്രാ കവറിന് മുകളിലൂടെ സിക്സർ പറത്തി കാർത്തിക് ഇന്ത്യക്ക് ചരിത്ര ജയം സമ്മാനിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook