കൊളംബോ: അത്ര എളുപ്പമല്ല ഇന്ത്യയ്ക്ക് കാര്യങ്ങൾ. ബംഗ്ലാദേശിനോട് ജയിച്ചെങ്കിലും നിദാഹാസ് ട്രോഫിയിൽ അവസാന അങ്കത്തിന് യോഗ്യത നേടണമെങ്കിൽ ഇനിയുളള മത്സരങ്ങൾ ജയിച്ചേ മതിയാകൂ. എന്നാൽ മറുവശത്ത് ബംഗ്ലാദേശും ശ്രീലങ്കയും മോശക്കാരല്ല.

ഇന്ത്യയെ ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയ ശ്രീലങ്കയെ പരാജയപ്പെടുത്തി ബംഗ്ലാദേശും ടൂർണ്ണമെന്റിൽ മികവുകാട്ടി. ഇതോടെ ത്രിരാഷ്ട്ര പരമ്പരയിൽ മൂന്ന് ടീമുകൾക്കും രണ്ട് പോയിന്റ് വീതമായി. ഇതോടെ അടുത്ത റൗണ്ട് മത്സരങ്ങളിലെ വിജയം മൂന്ന് ടീമിനും നിർണ്ണായകമാണ്.

തുടർച്ചയായ മത്സരങ്ങൾ മൂലം വിശ്രമം ലഭിക്കാതെ കളിക്കേണ്ടി വന്ന ഇന്ത്യൻ സംഘം തുടർച്ചയായ നാല് ദിവസം സമ്പൂർണ്ണ വിശ്രമത്തിലായിരുന്നു. പുറത്തേക്കൊന്നും പോകാതെ ഹോട്ടൽ മുറിക്ക് അകത്ത് തന്നെ സംഘാംഗങ്ങൾ വിശ്രമിച്ചു. ഇത് താരങ്ങളുടെ കായികക്ഷമത വീണ്ടെടുക്കാൻ സഹായിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു.

ലങ്കൻ നിരയിൽ കുസാൽ പെരേര ഇന്ത്യൻ പേസർമാർക്ക് തലവേദനയാണ്. മികച്ച ഫോമിലുളള പെരേരയെ വീഴ്ത്താനുളള തന്ത്രങ്ങളാണ് ഇന്ത്യ മെനഞ്ഞത്. പക്ഷെ പേസർമാർക്ക് ലെങ്തിൽ പന്തെറിയാൻ സാധിക്കാതിരുന്നത് തിരിച്ചടിയായി.

ഇന്ത്യ തുടക്കത്തിൽ തന്നെ ടൂർണ്ണമെന്റിൽ ആധിപത്യം നേടുമെന്നും ഫൈനലിലെത്താൻ മറ്റ് രണ്ട് ടീമുകളും തമ്മിൽ മത്സരിക്കുമെന്നുമായിരുന്നു ആദ്യത്തെ കണക്കുകൂട്ടൽ. എന്നാൽ ഇന്ത്യയെ ആദ്യ മത്സരത്തിൽ തന്നെ പരാജയപ്പെടുത്തി ലങ്ക ഈ നിഗമനം തെറ്റാണെന്ന് തെളിയിച്ചു.

രോഹിത് ശർമ്മയുടെ ഫോമില്ലായ്മയാണ് ഇന്ത്യയെ വലയ്ക്കുന്ന മറ്റൊരു ഘടകം. നിദാഹാസ് ട്രോഫിക്കുളള ഇന്ത്യൻ സംഘത്തെ നയിക്കുന്നത് അദ്ദേഹമാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിൽ ഒരു സെഞ്ച്വറി നേടിയ താരം ടി20യിൽ സമ്പൂർണ്ണ പരാജയമായിരുന്നു. അഞ്ച് ഇന്നിംഗ്സുകളിൽ രണ്ട് തവണ പൂജ്യത്തിന് പുറത്തായ താരം ആകെ നേടിയത് 49 റൺസാണ്.

ശ്രീലങ്കയിൽ താരത്തിന് ഇതുവരെ മികവുകാട്ടാനായിട്ടില്ല. 2008 മുതൽ 2017 വരെ 23 മത്സരങ്ങൾ കളിച്ച ശർമ്മ ആകെ 557 റൺസാണ് നേടിയത്. അതേസമയം ബംഗ്ലാദേശിനെതിരെ നന്നായി പന്തെറിഞ്ഞ ജയദേവ് ഉനദ്‌കടിലാണ് ഇന്ത്യൻ ടീമിന്റെ പ്രതീക്ഷ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook