കൊളംബോ: നിദാഹാസ് ട്രോഫിയിൽ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യയ്ക്ക് ആദ്യ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ ഇന്ത്യ മറികടന്നു. തുടര്‍ച്ചയായ രണ്ടാം മൽസരത്തിലും അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (55) ആണ് ഇന്ത്യയുടെ വിജയശിൽപ്പി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ബോളര്‍മാരുടെ കരുത്തില്‍ ഇന്ത്യ ചുരുട്ടിക്കെട്ടുകയായിരുന്നു. 34 റണ്‍സെടുത്ത ലിതണ്‍ ദാസാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. സാബിര്‍ റഹ്‌മാന്‍ 30 റണ്‍സെടുത്തും മുഷ്‌ഫീഖര്‍ റഹീം 18 റണ്‍സെടുത്തും പുറത്തായി. ഇന്ത്യയ്ക്കായി ഉനദ്കട്ട് മൂന്നും വിജയ് ശങ്കര്‍ രണ്ടും ഠാക്കുറും ചാഹലും ഓരോ വിക്കറ്റും വീഴ്ത്തി.

ബംഗ്ലാദേശ് ഉയർത്തിയ 140 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. പതിമൂന്ന് പന്തില്‍ 17 റണ്‍സെടുത്ത രോഹിത് ശർമ്മയെ പുറത്താക്കി മുസ്തഫിസുർ ബംഗ്ലാദേശിന് മികച്ച തുടക്കം നൽകി. മൂന്നാമനായി യുവതാരം റിഷഭ് പന്തിനെ പരീക്ഷിച്ചെങ്കിലും വിജയം കണ്ടില്ല. 7 റൺസ് മാത്രം എടുത്ത പന്തിനെ റൂബൽ ഹൂസൈൻ​ മടക്കുകയായിരുന്നു.

എന്നാൽ ധവാന്‍-റെയ്‌ന സഖ്യം ഇന്ത്യയെ വിജയത്തോട് അടുപ്പിച്ചു. റെയ്ന 28 റൺസ് എടുത്തപ്പോൾ ധവാൻ 43 പന്തില്‍ 55 റണ്‍സാണ് നേടിയത്. ധവാൻ പുറത്തായതിന് ശേഷം ക്രീസിൽ എത്തിയ മനീഷ് പാണ്ഡെയും (27) ദിനേശ് കാർത്തിക്കും (2) ഇന്ത്യയുടെ വിജയം പൂർത്തിയാക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ