ക്രിക്കറ്റിൽ ബൗണ്ടറിയിലെ അസാമാന്യ രക്ഷാപ്രവർത്തനങ്ങൾ പലതും നമ്മൾ കണ്ടിട്ടുണ്ട്. ഓരോ റൺസിനും വിലയുണ്ടെന്ന തിരിച്ചറിവിൽ എന്തിനും തയ്യാറാകുന്ന താരങ്ങൾ. ഇത്തവണത്തെ ഐപിഎല്ലിലും ഫാഫ് ഡു പ്ലെസിസിന്റെ സമാന ക്യാച്ച് ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിച്ചതാണ്. എന്നാൽ അതിനെയെല്ലാം ഓർമയിലാക്കാൻ സാധിക്കുന്ന ഒരു പ്രകടനമാണ് ഇന്നലെ വിൻഡീസ് താരം നിക്കോളാസ് പുറാൻ നടത്തിയത്.
രാജസ്ഥാൻ ഇന്നിങ്സിലെ ഏഴാം ഓവറിലാണ് സംഭവം. കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന് വെടിക്കെട്ട് തുടക്കം നൽകി ക്രീസിൽ നിലയുറപ്പിച്ച സാഞ്ജു സാംസൺ മുരുഗൻ അശ്വിനെ ബൗണ്ടറി കടത്താനൊരു ശ്രമം നടത്തി. കൃത്യമായ ടൈമിങ്ങിൽ പന്ത് ബാറ്റിൽ കൊള്ളിച്ച് അത് സാധ്യമാക്കിയെന്ന് തന്നെയാണ് സഞ്ജുവും കണ്ട് നിന്നിരുന്ന എല്ലാവരും കരുതിയത്. എന്നാൽ പുറാൻ അതിനെ മറ്റൊരു തരത്തിലാണ് കണ്ടത്.
Also Read: തീവെട്ടി തിവാട്ടിയ, സഞ്ജു ഷോ; കിങ്സിനെ വീഴ്ത്തി ‘റോയൽ’ രാജസ്ഥാൻ
ലോങ് ഓണിൽ ബൗണ്ടറി ലൈനിന് തൊട്ടിപ്പുറത്ത് നിന്ന താരം ഇടത്തോട്ട് തിരിഞ്ഞ് ലൈനിന് അപ്പുറത്തേക്കൊരു ചാട്ടം. വായുവിൽ നിന്ന് പന്ത് കൈപ്പിടിയിലാക്കി തിരിച്ചെറിഞ്ഞു. ഇതെല്ലാം സംഭവിച്ചത് സെക്കൻഡുകൾക്കുള്ളിലായിരുന്നു. വിലയേറിയ നാല് റൺസ് ടീമിനുവേണ്ടി ലാഭിക്കാൻ പുറാന് ആ ചാട്ടത്തിലൂടെ സാധിച്ചു.
UNBELIEVABLE fielding from Nicholas Pooran!
That is absolutely sensational. The best save in IPL history? #Dream11IPL
Watch live //t.co/o2UhEk00z4
Scorecard //t.co/aMNpXX3hdL pic.twitter.com/1fOZVKCCUn— Sky Sports Cricket (@SkyCricket) September 27, 2020
ഫീൽഡിങ് ഇതിഹാസം ജോണ്ടി റോഡ്സ് വരെ കോരിതരിച്ചുപോയ നിമിഷമായിരുന്നു അത്. പരിശീലകന്റെ വേഷത്തിൽ പഞ്ചാബ് ഡഗ്ഔട്ടിലുണ്ടായിരുന്ന റോഡ്സ് ആവേശംകൊണ്ട് ചാടിയെണിറ്റു. നിറകയ്യടികൾക്കൊപ്പം തലകുനിച്ചൊരു അഭിവാദനവും. സഹതാരങ്ങളെല്ലാം ബൗണ്ടറിയെന്നാണ് അപ്പോഴും വിശ്വസിച്ചിരുന്നത്. എന്നാൽ ടിവി റിപ്ലേയിൽ വായുവിൽ പുറാൻ നടത്തിയ മാന്ത്രികവിദ്യ ഏവരെയും ത്രസിപ്പിക്കുന്നതായിരുന്നു.
അതേസമയം നാടകീയമായിരുന്നു രാസ്ഥാന്റെ വിജയവും. മലയാളി താരം സഞ്ജു സാംസണിന്റെയും നായകൻ സ്മിത്തിന്റെയും പ്രതിനായകനിൽ നിന്ന് നായകനിലേക്ക് ഉയർന്ന തിവാട്ടിയയുടെയും ബാറ്റിങ് മികവിലാണ് രാജസ്ഥാൻ പഞ്ചാബ് ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം മറികടന്നത്. നാല് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ഓപ്പണർ ജോസ് ബട്‌ലറെ നഷ്ടമായ രാജസ്ഥാൻ റോയൽസിനു വേണ്ടി ഒരിക്കൽ കൂടി സ്‌മിത്ത് – സഞ്ജു കൂട്ടുകെട്ട് വിജയ പാത തെളിയിച്ചു. ഇത്തവണ അക്രമിച്ച് കളിച്ചത് സ്മിത്തായിരുന്നു. ആദ്യം അർധസെഞ്ചുറി തികച്ചതും നായകൻ തന്നെ.
Also Read: IPL 2020: വിജയവഴിയിൽ തിരിച്ചെത്താൻ ബാംഗ്ലൂർ നിരയിൽ അനിവാര്യമായ മൂന്ന് മാറ്റങ്ങൾ
27 പന്തിൽ രണ്ട് സിക്സും ഏഴ് ഫോറും അടക്കം 50 റൺസെടുത്ത് സ്‌മിത്ത് അർധശതകത്തിന് പിന്നാലെ കൂടാരം കയറി. തകർപ്പനടികൾക്ക് നായകൻ നിയോഗിച്ച നാലാമൻ രാഹുൽ തിവാട്ടിയ തുടക്കത്തിൽ വൻ പരാജയമാകുന്നതായിരുന്നു കണ്ടത്. ഡോട്ട് ബോളുകൾ സൃഷ്ടിക്കുന്നതോടൊപ്പം റൺറേറ്റും കുത്തനെ താഴേക്ക് പതിക്കാൻ തിവാട്ടിയുടെ പ്രകടനം കാരണമായി. അപ്പോഴും പ്രതീക്ഷ നഷ്ടപ്പെടാതെ ഒരു വശത്ത് ബാറ്റ് വീശിയ സഞ്ജു ബൗണ്ടറികൾ കണ്ടെത്തിക്കൊണ്ടിരുന്നു. എന്നാൽ 17-ാം ഓവറിൽ 85 റൺസെടുത്ത സഞ്ജു പുറത്താകുമ്പോൾ രാജസ്ഥാന്റെ വിജയപ്രതീക്ഷകളും അവസാനിച്ചിരുന്നു.
അവിടെയാണ് പ്രതിനായകൻ നായകനാകുന്ന മുഹൂർത്തത്തിന് തുടക്കമാകുന്നതും. രണ്ട് ഫോറുകൾ പായിച്ച ഉത്തപ്പ ആ ഓവർ അവസാനിപ്പിക്കുമ്പോൾ തീവാട്ടിയായ്ക്ക് അറിയാമായിരുന്നു ഇനി തന്റെ ഊഴമാണെന്ന് കോട്ട്രൽ എറിഞ്ഞ 18-ാം ഓവറിൽ തിവാട്ടിയ പായിച്ചത് അഞ്ച് സിക്സ്. വിജയലക്ഷ്യം കുത്തനെ കുറച്ച തിവാട്ടിയ പിന്നാലെ അർധസെഞ്ചുറിയും തികച്ച് കളം വിട്ടു. രണ്ട് റൺസകലെയുള്ള വിജയം മറികടക്കാൻ പരാഗിനും സാധിച്ചില്ല. എന്നാൽ ആർച്ചറിനൊപ്പം ചേർന്ന ടോം കറൺ ആ വിജയവും സാധ്യമാക്കി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook