ലണ്ടൻ : ഇംഗ്ലണ്ടിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണ്ണമെന്റായ എഫ്എ കപ്പിൽ ചെൽസി സെമിയിൽ കടന്നു. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്താണ് ചെൽസി സെമി ബർത്ത് ഉറപ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചെൽസിയുടെ വിജയം. രണ്ടാം പകുതിയുടെ തുടക്കത്തിൽ മധ്യനിരക്കാരൻ എൻഗോല കാന്രെയാണ് ചെൽസിയുടെ വിജയഗോൾ നേടിയത്.

സ്വന്തം തട്ടകത്തിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ യുണൈറ്റഡിന് എതിരെ ആധികാരികമായിട്ടാണ് ചെൽസിയുടെ നീലപ്പട വിജയം ആഘോഷിച്ചത്. ആദ്യ പകുതിയിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് മധ്യനിരക്കാരൻ ആന്ദ്രേ ഹെരേര പുറത്തായതാണ് യുണൈറ്റഡിനെ തകർത്തത്. പത്ത് പേരുമായി ചുരുങ്ങിയ യുണൈറ്റഡിന് ലഭിച്ചത് 2 അവസരങ്ങൾ മാത്രം. എന്നാൽ ഇത് ഗോളാക്കിമാറ്റാൻ യുണൈറ്റഡ് താരങ്ങൾക്കായില്ല. നിരവധി അവസരങ്ങൾ ലഭിച്ച ചെൽസിക്ക് ആദ്യ ഗോൾ നേടുന്നതിനായി അമ്പത്തിയൊന്നാം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ബോക്സിന് പുറത്ത് നിന്ന് എൻഗോലെ കാന്രെ തൊടുത്ത ലോങ്ങ് റെയിഞ്ചർ ഡേവിഡ് ഡെഗിയയെ കീഴ്പ്പെടുത്തുകയായിരുന്നു.


സെമിയിൽ കരുത്തരായ ടോട്ടൻഹാമാണ്​ ചെൽസിയുടെ എതിരാളികൾ. പ്രിമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ചെൽസി കീരടത്തോട് അടുക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ