ബ്രസീലിയ: ലയണൽ മെസിയും ക്രിസ്റ്റ്യാനൊ റൊണാൾഡോയും അടക്കിവാണ സമകാലിക​ ഫുട്ബോളിൽ പുതിയൊരു നേതാവായി നെയ്മർ എത്തുന്നു എന്നതാണ് പുതിയ വാർത്ത. നെയ്മർ യുഗം ആരംഭിച്ചു കഴിഞ്ഞെന്നും അടുത്ത ബാലൺ ഡിയോർ പുരസ്കാരം ഈ ബ്രസീൽ നായകൻ നേടുമെന്നുമാണ് അവകാശവാദം. നെയ്മറിന്റെ സഹതാരമായ മിറാൻഡോയാണ് ഈ നിരീക്ഷണം നടത്തിയത്. ലോകകപ്പ് യോഗ്യതയിൽ ഉറുഗ്വയ്ക്ക് എതിരായ മത്സരത്തിന് ശേഷമാണ് മിറാൻഡോയുടെ പ്രതികരണം.

റിയോ ഒളിമ്പിക്സിൽ ബ്രസീലിന് സ്വർണ്ണമെഡൽ നേടികൊടുത്തത് നെയ്മർ ഡാ സിൽവ ജൂനിയറായിരുന്നു. ദേശീയ ടീമിന്റെ മഞ്ഞകുപ്പായത്തിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന നെയ്മർ ക്ലബ് ഫുട്ബോളിലും മികവ് അറിയിച്ചിരിക്കുകയാണ്. 2013 ൽ ബാഴ്സിലോണയിൽ എത്തിയ നെയ്മർ പലപ്പോഴും ലിയണൽ മെസിയുടെ നിഴലിലായിരുന്നു.

എന്നാൽ മെസിയെ മറികടന്ന് നെയ്മർ ഇപ്പോൾ ഉയർന്ന് വന്നിരിക്കുകയാണ്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടം എന്ന് വിശേഷിപ്പിച്ച ബാഴ്സിലോണ, പിഎസ്ജി മത്സരത്തിൽ നെയ്മറായിരുന്നു താരം. അവസാന മിനുറ്റുകളിലെ കൂട്ടപൊരിച്ചിലിൽ നിർണ്ണായകമായ 2 ഗോളുകൾ നേടുകയും വിജയഗോളിന് വഴിയൊരുക്കുകയും ചെയ്തത് നെയ്മറിന്റെ ബൂട്ടുകളായിരുന്നു.

പിഎസ്ജിക്ക് എതിരെ 88 മിനുറ്റിൽ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി നെയ്മർ തൊടുത്ത ഫ്രീക്കിക്ക് പൊസ്റ്റിന്റെ വലതുമൂലയിൽ തുളച്ച് കയറുകയായിരുന്നു. ഈ ഗോൾ ഫുട്ബോൾ ലോകം കണ്ട മികച്ച ഗോളുകളിൽ ഒന്നാണ് എന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ.

ചാമ്പ്യൻസ് ലീഗിൽ കിരീടം ഉയർത്താൻ ഇറങ്ങുന്ന ബാഴ്സിലോണയ്ക്കായി നെയ്മർ പുറത്ത് എടുക്കുന്ന പ്രകടനവും നിർണ്ണായകമാകും. മെസിക്കും, സുവാരസിനും ഒപ്പം മുന്നേറ്റ നിരയിൽ ശ്രദ്ധേയമായ സാന്നിധ്യമാണ് നെയ്മറിന്റേത്. മികച്ച ഡ്രിബിളിങ്ങിനൊപ്പം വേഗതയും ഫിനിഷിങ്ങ് മികവുമാണ് നെയ്മറിനെ ഇപ്പോൾ ശ്രദ്ധേയനാക്കിയിരിക്കുന്നത്. 24 വയസ്സുമാത്രമാണ് നെയ്മറിന്രെ പ്രായം.

2008 മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയണൽ മെസിയും കുത്തകയായിവെച്ച ബാലൺ ഡിയോർ പുരസ്കാരം ഈ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ സ്വന്തമാക്കുമോ എന്ന് കാത്തിരുന്ന് കാണണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ