‘എന്റെ മനസ് പറയുന്നത് അവന് കേള്‍ക്കാം’; നെയ്മര്‍ റയലില്‍ എത്തുന്നത് ബാഴ്സയ്ക്ക് പ്രഹരമെന്ന് മെസി

നെയ്മറിനോട് മാഡ്രിഡില്‍ പോകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ചിരിച്ചു കൊണ്ടാണ് മെസി മറുപടി പറഞ്ഞത്

പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ അടുത്ത സീസണോടെ റയല്‍ മാഡ്രിഡിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ പ്രതികരണവുമായി സൂപ്പര്‍താരം ലയണല്‍ മെസി. നെയ്മര്‍ റയലില്‍ എത്തിയാല്‍ അത് ബാഴ്സയ്ക്ക് കനത്ത പ്രഹരം ആയിരിക്കുമെന്ന് ഒരു അഭിമുഖത്തില്‍ മുന്‍ സഹതാരം കൂടിയായ മെസി പറഞ്ഞു. ‘നെയ്മര്‍ റയലില്‍ പോയാല്‍ അത് ഭീകരമായിരിക്കും. കാരണം ബാഴ്സയെ സംബന്ധിച്ച് നെയ്മര്‍ അത്രയും വിലയേറിയതാണ്’, മെസി പറഞ്ഞു.

‘അദ്ദേഹം റയലിലെത്തിയാല്‍ ഞങ്ങള്‍ക്ക് അത് വലിയൊരു തിരിച്ചടിയാകും. കൂടാതെ ഫുട്ബോള്‍ തലത്തില്‍ ശക്തിയുളള മാഡ്രിഡ് ഒന്നുകൂടെ കരുത്തരാകും’, മെസി കൂട്ടിച്ചേര്‍ത്തു. നെയ്മറിനോട് മാഡ്രിഡില്‍ പോകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ചിരിച്ചു കൊണ്ടാണ് മെസി മറുപടി പറഞ്ഞത്. ‘ഞാന്‍ എന്താണ് ചിന്തിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാം. ഞാന്‍ അത് പറഞ്ഞിട്ടുമുണ്ട്’, മെസി വെളിപ്പെടുത്തി.
ബാഴ്സിലോണ ആരാധകരെ ആശങ്കയിലാഴ്ത്തി കഴിഞ്ഞ ഓഗസ്റ്റിലാണ് നെയ്മര്‍ പിഎസ്ജിയില്‍ ചേക്കേറിയത്. ബാഴ്‌സലോണയില്‍ നിന്നും വന്‍ തുകയ്ക്ക് കഴിഞ്ഞ വര്‍ഷം പിഎസ്ജിയിലെത്തിയ നെയ്മര്‍ ടീം വിടാന്‍ സാധ്യതയുള്ളതായി നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബാഴ്‌സ വിട്ട നെയ്മറെ എന്തു വില കൊടുത്തും റയലിലെത്തിക്കാന്‍ ടീം മാനേജ്മെന്റ് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് വെളിപ്പെടുത്തലുമായി മുന്‍ ജര്‍മന്‍ താരവും റയല്‍ ഇതിഹാസവുമായ പോള്‍ ബ്രെയ്റ്റനര്‍ രംഗത്തെത്തിയത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍.

അടുത്ത സീസണില്‍ റയലിന് ഏറ്റവും നിർണായകമാവുക നെയ്മറുടെ സാന്നിധ്യമായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ വര്‍ഷം 222 മില്യണ്‍ പൗണ്ടിനാണ് നെയ്മറെ പിഎസ്ജി ബാഴ്‌സയില്‍ നിന്നും പാരീസിലെത്തിച്ചത്. ഫുട്‌ബോള്‍ ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ ട്രാന്‍സ്ഫറായിരുന്നു അത്.

പിഎസ്ജിയില്‍ വിജയങ്ങള്‍ നേടി മുന്നേറുമ്പോഴും നെയ്മറിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. കവാനിയുമായുള്ള അസ്വാരസ്യവും ആരാധകരുടെ പ്രതിഷേധവുമൊക്കെ താരത്തെ മാറ്റി ചിന്തിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ പരുക്ക് മൂലം വിട്ടു നില്‍ക്കുകയാണ് താരം. കഴിഞ്ഞ ദിവസമാണ് താരം ബ്രസീലില്‍ നിന്നും മടങ്ങി പാരീസിലെത്തിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Neymar to real madrid will be major blow to barcelona says lionel messi

Next Story
റെയ്നയുടെ മകളുടെ ജന്മദിനാഘോഷത്തിന് ധോണിയും ഭാജിയുടെ ഭാര്യയും എത്തി
The moderation of comments is automated and not cleared manually by malayalam.indianexpress.com