പാരിസ്: പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് റയല്‍ മാഡ്രിഡുമായുളള ചാമ്പ്യന്‍സ് ലീഗ് മൽസരം നഷ്ടമാകും. കഴിഞ്ഞ ദിവസം ഒളിമ്പിക് ഡി മാര്‍സെല്ലിക്കെതിരായ മൽസരത്തിനിടെ നെയ്മറിന് പരുക്കേറ്റിരുന്നു. മൽസരത്തില്‍ പിഎസ്ജി വിജയിച്ചെങ്കിലും പരുക്കേറ്റ നെയ്മറിന് കളി പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.

ഒളിമ്പിക് ടീമിന്റെ മുന്നേറ്റ താരം ബൗണ സാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു നെയ്മറിന്റെ കാലിന് പരുക്കേല്‍ക്കുന്നതും താരം നിലത്ത് വീണ് പിടഞ്ഞതും. തുടര്‍ന്ന് താരത്തെ സ്‌ട്രെക്ചറില്‍ പുറത്തേക്ക് കൊണ്ടു പോവുകയായിരുന്നു. ഇതോടെ റയലിനെതിരായ ചാമ്പ്യന്‍സ് ലീഗ് അവസാന 16 ലെ രണ്ടാം പാദ മൽസരം നെയ്മറിന് നഷ്ടമാകും. സ്വന്തം തട്ടകത്തിലാണ് പിഎസ്ജി മാഡ്രിഡിനെ നേരിടുന്നത്.

താരത്തിന്റെ വലതു കാലിന് പരുക്കേറ്റെന്നും പരുക്ക് ഗുരുതരമാണെന്നും പിഎസ്ജി അധികൃതര്‍ തന്നെയാണ് അറിയിച്ചത്. അതേസമയം, എത്ര നാള്‍ താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്നതിനെ കുറിച്ച് അധികൃതര്‍ വ്യക്തത നല്‍കിയില്ല. അടുത്ത മാസം ആറാം തീയ്യതിയാണ് പിഎസ്ജിയും റയലും തമ്മിലുള്ള രണ്ടാം പാദ മൽസരം. ആദ്യ പാദത്തില്‍ പരാജയപ്പെട്ട പിഎസ്ജി 3-1 ന് പിന്നിലാണ്.

രണ്ടാഴ്ച മുമ്പ് ബര്‍ണാബുവില്‍ റയലുമായി ഏറ്റുമുട്ടിയപ്പോള്‍ പ്രതിഭയ്‌ക്കൊത്ത് ഉയരാന്‍ നെയ്മറിന് സാധിച്ചില്ലെങ്കിലും പിഎസ്ജിയ്ക്കായി മിന്നും ഫോമില്‍ തന്നെയാണ് നെയ്മര്‍ പന്തു തട്ടുന്നത്. പിഎസ്ജിയ്ക്കു വേണ്ടി 28 തവണ എതിര്‍വല കുലുക്കിയ നെയ്മര്‍ 16 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.

റെക്കോര്‍ഡ് തുകയ്ക്ക് പിഎസ്ജിയിലെത്തിയ നെയ്മര്‍ തന്റെ പരുക്കേറ്റ കാലിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ നേരത്തെ പുറത്തുവിട്ടിരുന്നു. ബാന്റേജ് ചുറ്റിയ കണങ്കാലിന്റെ ചിത്രമായിരുന്നു താരം പുറത്തുവിട്ടത്. നെയ്മറിന്റെ പരുക്ക് പിഎസ്ജിയ്ക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ട് നെയ്മറെ 222 മില്യണ്‍ യൂറോയ്ക്ക് ടീമിലെത്തിച്ച പിഎസ്ജിയ്ക്ക് നിര്‍ണ്ണായക മൽസരത്തില്‍ താരം വിട്ടു നില്‍ക്കുന്നത് വെല്ലുവിളിയാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook