ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോല്‍വി ഏറ്റുവാങ്ങി ബ്രസീല്‍ പുറത്തായതിന് പിന്നാലെ താന്‍ മാനസികമായി തകര്‍ന്നുവെന്നാണ് സൂപ്പര്‍താരം നെയ്മര്‍ പറഞ്ഞത്. എന്നാല്‍ തോല്‍വിയിലും സഹതാരങ്ങളെ ആശ്വസിപ്പിക്കുന്ന നെയ്മറുടെ വാക്കുകളാണ് ഇപ്പോള്‍ ആരാധക ശ്രദ്ധ നേടുന്നത്. സഹതാരങ്ങള്‍ക്കായി അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് താരം തന്നെ പുറത്തുവിടുകയായിരുന്നു.
”ഞങ്ങള്‍ എത്രമാത്രം വിജയിക്കണമെന്നും ഞങ്ങള്‍ എത്ര ഐക്യത്തിലാണെന്നും കാണാനുള്ള സന്ദേശങ്ങള്‍ (അവരുടെ അനുമതിയില്ലാതെ) തുറന്നുകാട്ടാന്‍ ഞാന്‍ തീരുമാനിച്ചു,” നെയ്മര്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ കുറിച്ചു. ”ഞാന്‍ ടീമുമായി കൈമാറിയ നിരവധി സന്ദേശങ്ങളില്‍ ചിലത് ഇവയായിരുന്നു. ഞങ്ങള്‍ക്ക് വളരെ സങ്കടമുണ്ട്, പക്ഷേ മുന്നോട്ട് പോകാന്‍ ഞങ്ങള്‍ കൂടുതല്‍ ശക്തരായിരിക്കണം, ആരാധകരുടെ പിന്തുണയോടെ ഞങ്ങള്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരുപാട് അഭിമാനത്തോടെ, ഒരുപാട് സ്‌നേഹത്തോടെ ഞാന്‍ ബ്രസീലിയന്‍ ആണ്,’ താരം കുറിച്ചു.
ക്രൊയേഷ്യക്കെതിരായ നിര്‍ണായക പെനാല്‍റ്റി ഗോളാക്കി മാറ്റാന്‍ കഴിയാത്ത മാര്‍ക്വിനോസുമായുള്ള സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ട് താരം പങ്കിട്ടു. ‘ഒരു പെനാല്‍റ്റിക്ക് നിങ്ങളെ കുറിച്ചുള്ള എന്റെ ചിന്തകളെ മാറ്റാനകില്ല,’ നെയ്മര്‍ താരത്തോട് പറഞ്ഞു. ‘എല്ലാം ശരിയായി നടക്കണമെന്ന് ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നു. എന്നാല്‍ നിങ്ങള്‍ ശക്തരായിരിക്കണം, അതിന് സമയം നല്‍കുകയും ഫുട്‌ബോള്‍ നമ്മള്‍ക്കായി എന്താണ് കരുതിയിരിക്കുന്നതെന്ന് നോക്കുകയും വേണം.
ഈ കപ്പ് നിങ്ങള്‍ക്ക് നല്‍കാന്‍ ഞാന്‍ ശരിക്കും ആഗ്രഹിച്ചു’ എന്ന് പറഞ്ഞുകൊണ്ട് പിഎസ്ജി സൂപ്പര്‍താരം ക്യാപ്റ്റന്‍ തിയാഗോ സില്‍വയ്ക്ക് സന്ദേശമയച്ചു. സില്‍വയുടെ മറുപടി ഇങ്ങനെ ആയിരുന്നു – ”സഹോദര, ഇത് ഞാന്‍ സങ്കല്‍പ്പിച്ചതിലും കൂടുതല്‍ ഉയര്‍ന്നതാണ്, ശരിക്കും. എനിക്കത് സഹിക്കാനാവില്ല. നമ്മള്‍ തോറ്റുവെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഓര്‍ക്കുമ്പോഴെല്ലാം എനിക്ക് കരയാന്‍ തോന്നും.”
പെനാല്‍റ്റി നഷ്ടമായതിന് ശേഷം ക്ഷമാപണം നടത്തിയ റയല്‍ മാഡ്രിഡ് സ്ട്രൈക്കര്‍ റോഡ്രിഗോയെ നെയ്മര്‍ ആശ്വസിപ്പിച്ചു, ”എന്നോട് ക്ഷമിക്കണം…എന്നായിരുന്നു റോഡ്രിഗോയുടെ സന്ദേശം. നിനക്ക് ഭ്രാന്താണോ? പെനാല്‍റ്റികള്‍ അടിച്ചവര്‍ക്ക് മാത്രമേ അത് നഷ്ടമാകൂ, നിങ്ങള്‍ കഴിവുള്ളയാളാണ് നെയ്മര്‍ പറഞ്ഞു.
അതേസമയം മത്സരത്തില്‍ ബ്രസീലിനായി നെയ്മറിന് തന്റെ 77 -ാം രാജ്യാന്തര ഗോള്‍ നേടാന്‍ സാധിച്ചു. ഇതോടെ ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്‌കോറര്‍ ആയ ഇതിഹാസ താരം പെലെയുടെ നേട്ടത്തിനൊപ്പമെത്താന്‍ നെയ്മറിന് കഴിഞ്ഞു. 124 മത്സരങ്ങളില്‍ നിന്നാണ് നെയ്മറിന്റെ 77 രാജ്യാന്തര ഗോള്‍.