കോവിഡ് – 19 കാരണം ഫുട്ബോളിൽ തുടരുന്ന അനിശ്ചിതത്വം തനിക്ക് ഉത്കണ്ഠ സൃഷ്ടിക്കുന്നതായി പിഎസ്ജി താരം നെയ്മർ. എപ്പോൾ വീണ്ടും തങ്ങൾക്ക് കളിക്കാൻ കഴിയുമെന്ന് അറിയാത്തത് ഉത്കണ്ഠക്ക് കാരണമാവുകയാണ്. ഫുട്ബോളിന്റെ അഭാവം തന്നെ ബാധിക്കുന്നു. ക്ലബിന്റെയും പിഎസ്ജി സഹതാരങ്ങളുടെയും അന്തരീക്ഷത്തിൽ നിന്ന് മാറി നിൽക്കുന്നത് വിഷമമുണ്ടാക്കുന്നുവെന്നും നെയ്മർ പറഞ്ഞു.

“എല്ലാവരും ഗ്രൗണ്ടിലേക്ക് തിരിച്ചെത്തണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നതെന്ന്
എനിക്ക് ഉറപ്പാണ്. എത്രത്തോളം നേരത്തേ അതിന് കഴിയുന്നോ അത്രക്കും നല്ലത്. ഇക്കാര്യത്തിലുള്ള തീരുമാനം ഉടനുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.” – നെയ്മർ പറഞ്ഞു.

Read Also: ഫൈനല്‍ വിസിലിനൊടുവില്‍ വേണ്ടതൊരു യാത്ര; ലോക്ക്ഡൗൺ ജീവിതത്തെക്കുറിച്ച് വിനീത്

ബ്രസീലിയൻ താരമായ നെയ്മർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 7.75 ലക്ഷം പൗണ്ട് ധനസഹായം നൽകിയിരുന്നു. യൂണിസെഫിനും ബ്രസീലിലെ കേവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുമായായിരുന്നു ധനസഹായം.

നെയ്മറെ കൂടുതൽ സമ്മർദ്ദത്തിലാക്കാതെ ശ്രദ്ധിക്കുക എന്നതാണ് തന്റെ പ്രധാന ജോലിയെന്ന് അദ്ദേഹത്തിന്റെ വ്യക്തിഗത ശാരീരിക പരിശീലകൻ റിക്കാഡോ റോസ പറഞ്ഞു. നെയ്മറുടെ പരിശീലനത്തിൽ പുതിയ ക്രമീകരണങ്ങൾ വരുത്തുന്നതടക്കമുള്ള മാറ്റങ്ങൾ കോവിഡ് സമയത്ത് വരുത്തിയിരുന്നു. സാധാരണ വ്യായാമങ്ങളെയും പന്തുപയോഗിച്ചുള്ള പരിശീലനങ്ങളെയും വേർതിരിച്ചു. ശാരീരിക ക്ഷമതയുടെ കാര്യത്തിൽ മറ്റ് താരങ്ങളേക്കാൾ മുകളിലാണ് നെയ്മർ എന്നും റിക്കാഡോ റോസ പറഞ്ഞു.

മാർച്ച് 12നാണ് പിഎസ്ജിക്ക് വേണ്ടി ഏറ്റവും ഒടുവിൽ നെയ്മർ ഗ്രൗണ്ടിലിറങ്ങിയത്. ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്ട്മുൺഡിനെ എതിരില്ലാത്ത രണ്ടുഗോളിന് പിഎസ്ജി പരാജയപ്പെടുത്തിയിരുന്നു. നെയ്മർ ആയിരുന്നു മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. പിന്നീടുള്ള ചാമ്പ്യൻസ് ലീഗ്, ഫ്രഞ്ച് ലിഗ്വെ വൺ അടക്കമുള്ള ടൂർണമെന്റുകൾ കോവിഡ് ഭീഷണിയെത്തുടർന്ന് മാറ്റിവച്ചിരുന്നു.

Read Also: പന്ത് ചുരണ്ടൽ നിയമവിധേയമാക്കാൻ സാധ്യത, തുപ്പരുത്; ക്രിക്കറ്റ് നിയമത്തിൽ ഇളവിനായി ഐസിസി

ഫ്രഞ്ച് ലീഗിൽ ഒളിംപിക് ലയണൽസിനെതിരെയായിരുന്നു പിഎസ്ജിയുടെ ഒടുവിലത്തെ മത്സരം. ഒന്നിനെതിരേ അഞ്ച് ഗോളിന് ലിയോണിനെ തോൽപിച്ച പിഎസ്ജിക്കുവേണ്ടി എംബാപ്പെ ഹാട്രിക്കും നെയ്മറും പാബ്ലോ സരബിയയും ഓരോ ഗോളും നേടിയിരുന്നു. സീസണിൽ 22 മത്സരങ്ങളിൽ നിന്നായി പിഎസ്ജിക്ക് വേണ്ടി 18 ഗോളുകളാണ് നെയ്മർ നേടിയത്.

നിലവിലെ ഷെഡ്യൂൾ പ്രകാരം ഫ്രഞ്ച് ലീഗിൽ ജൂണിൽ മത്സരങ്ങൾ പുനരാരംഭിക്കാനാണ് സാധ്യത. എന്നാൽ കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ജൂണിലെ മത്സരങ്ങളും മാറ്റിവയ്ക്കുമോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല.

Read More: Neymar says lack of football making him anxious

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook