ബ്രസീലിയൻ സൂപ്പർ താരം നെയ്‌മർ ജൂനിയർ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയും വിടാൻ തീരുമാനിച്ചതായി വിവരം. പ്രതീക്ഷിച്ച പോലെ ഫ്രഞ്ച് ലീഗിന് പകിട്ടില്ലാത്തതും മാധ്യമശ്രദ്ധ കിട്ടാത്തതുമാണ് താരത്തെ അസ്വസ്ഥനാക്കിയതെന്നാണ് വിവരം.

അടുത്ത സീസണിൽ പിഎസ്‌ജി വിട്ട്, സ്‌പാനിഷ് സൂപ്പർ ക്ലബായ റയൽ മാഡ്രിഡിലേക്ക് പോകാനാണ് താരം താത്പര്യപ്പെടുന്നതെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. ഫ്രാൻസിൽ പിഎസ്‌ജിയുടെ ആരാധകരുടെ സ്നേഹം ലഭിക്കാത്തതും കവാനിയുമായി ഉണ്ടാകുന്ന താരപ്പോരും താരത്തിനെ അസ്വസ്ഥനാക്കുന്നുണ്ട്.

ഫ്രഞ്ച് ലീഗിൽ ഡിജോൺ എഫ് സി ക്കെതിരെ 8-0 ന്റെ വിജയം നേടിയിട്ടും പ്രതീക്ഷിച്ചതിൽ നിന്ന് ആരാധകർ താരത്തെ നിന്ദിച്ചതാണ് കടുത്ത തീരുമാനത്തിലേക്ക് താരത്തെ നയിച്ചിരിക്കുന്നത്. 83ാം മിനിറ്റിൽ നെയ്‌മർ ഡിജോണിനെതിരെ നേടിയ നാലാം ഗോൾ താരത്തിന് കൈയ്യടിക്ക് പകരം പരിഹാസമാണ് നൽകിയത്.

സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ 156 എന്ന ഗോൾ റെക്കോഡ് മറികടക്കാൻ കവാനിയെ സഹായിക്കാതിരുന്നതാണ് നെയ്‌മറിന് തിരിച്ചടിയായത്.

സ്‌പാനിഷ് ലീഗുമായി താരതമ്യം ചെയ്യുമ്പോൾ ഫ്രഞ്ച് ലീഗിന്റെ കളിനിലവാരം താഴെയാണെന്നതും വേണ്ട മാധ്യമശ്രദ്ധ ലഭിക്കുന്നില്ലെന്നതും നെയ്‌മറിനെ അസ്വസ്ഥനാക്കുന്നുണ്ട്. എതിർ ടീമുകളിലെ താരങ്ങൾ ശാരീരികമായി ആക്രമിക്കും വിധമാണ് കളിക്കളത്തിൽ തന്നോട് പെരുമാറുന്നതെന്നും താരം ബാഴ്‌സിലോണയിലെ സുഹൃത്തുക്കളോട് പറഞ്ഞതായാണ് സൂചന.

പിഎസ്‌ജിയിലേക്ക് ചേക്കേറിയത് തന്റെ മണ്ടൻ തീരുമാനമായെന്ന തോന്നലിലാണ് താരമുളളതെന്നാണ് വാർത്ത. 25കാരനായ താരം നാല് വർഷത്തെ കരാറാണ് പിഎസ്‌ജിയുമായി ഒപ്പുവച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ