ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന പകിട്ടോടെ നെയ്മർ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ ചേർന്നു. ഇന്ന് രാവിലെ സ്വന്തം വീമാനത്തിൽ പാരിസിൽ എത്തിയ നെയ്മർ ട്രാൻസ്ഫർ നടപടികൾ പുർത്തിയാക്കി. പിഎസ്ജി ഉടമ നാസർ അൽ ഖലീഫി നെയ്മറിനെ സ്വീകരിക്കാൻ എത്തിയിരുന്നു. 263 മില്യൺ യൂറോയ്ക്കാണ് നെയ്മർ പിഎസ്ജിയിലേക്ക് ചേക്കേറുന്നത്.

പണത്തിന് വേണ്ടിയല്ല താൻ പിഎസ്ജിയിലേക്ക് ചേക്കേറിയത് എന്നും ഒരുപാട് നേട്ടങ്ങൾ ഇനിയും കൊയ്യാനുണ്ടെന്നും നെയ്മർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പണത്തിനായാണെങ്കിൽ ഇതിലും ഉയർന്ന തുക നൽകാമെന്ന് പറഞ്ഞ മറ്റൊരു ക്ലബിൽ ചേർന്നേനെ എന്ന് നെയ്മർ വ്യക്തമാക്കി. തന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്നത് താൻ ക്ലബിനായി ചെയ്യുമെന്നും നെയ്മർ പറഞ്ഞു.

നെയ്മറിന്റെ വരവോടെ ക്ലബിന്റെ ആഗോളമൂല്യം കൂത്തനെ കൂടിയെന്നും താരത്തിന്രെ വരവ് ഫ്രഞ്ച് ഫുട്ബോളിന്റെ ഉയർച്ചയ്ക്ക് വഴിവെക്കുമെന്നും ക്ലബ് ഉടമ നാസർ അൽ ഖലീഫി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വാർത്താ സമ്മേളനത്തിന് ശേഷം ക്ലബ് ഉടമ നെയ്മറിന് ക്ലബിന്റെ ഔദ്യോഗിക ജഴ്സി സമ്മാനിച്ചു. പിഎസ്ജിയിൽ 10 നമ്പർ ജഴ്സിയാണ് നെയ്മർ അണിയുന്നത്.

വാർത്ത സമ്മേളനത്തിന് ശേഷം നെയ്മർ പിഎസ്ജിയുടെ മൈതനം സന്ദർശിച്ചു. പിഎസ്ജി ജഴ്സിയിൽ ഫോട്ടോഷൂട്ടിലും നെയ്മർ പങ്കെടുത്തു. നാളെ നടക്കുന്ന മത്സരത്തിൽ പിഎസ്ജിക്കായി നെയ്മർ കളിക്കുമോ എന്ന് കാത്തിരുന്ന് കാണണം. നാളത്തെ മത്സരത്തിൽ കളിക്കാൻ തയ്യാറാണെന്ന് നെയ്മർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ