പാരിസ് : സൂപ്പര്‍ താരം നെയ്മറിനേറ്റ പരുക്ക് നിസാരമെന്ന് പാരിസ്റ്റ് സെയിന്‍റ് ജര്‍മെയ്ന്‍ മാനേജര്‍ ഉനായ് എമറി. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ്‌ ലീഗ് മത്സരത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം കളിച്ചേക്കും എന്നും മാനേജര്‍ വ്യക്തമാക്കി.

ഇന്നലെ മാര്‍സിലെക്കെതിരെ നടന്ന കളിയിലാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരത്തിന് പരുക്കേല്‍ക്കുന്നത്. പരുക്കിനെ തുടര്‍ന്ന് നെയ്മറിന് അടുത്തയാഴ്ച നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ്‌ ലീഗ് മത്സരങ്ങള്‍ നഷ്ടമായേക്കും എന്ന് അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. പാദത്തിനും കണങ്കാലിനും പരുക്കേറ്റ നെയ്മറിന് ശസ്ത്രക്രിയ വേണ്ടിവന്നേക്കും എന്നും രണ്ട് മാസം വരെ വിശ്രമം ആവശ്യമാണ് എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

അഭ്യൂഹങ്ങളെ തള്ളിയ പാരിസ്റ്റ് സെയിന്‍റ് ജര്‍മെയ്ന്‍ മാനേജര്‍ നെയ്മറിന്‍റെ പരുക്ക് ഗുരുതരമല്ലെന്ന സൂചനയും നല്‍കി.
“ഇന്ന് രാവിലെ ഞാന്‍ ഡോക്റ്ററോട് സംസാരിച്ചിരുന്നു. നെയ്മറിന്‍റെ അവസ്ഥയെ കുറിച്ച് അദ്ദേഹം കൃത്യമായൊരു ചിത്രം തന്നു. അതിനെക്കുറിച്ച്‌ ആന്‍റെറോ എന്‍‌റിക്കിയുമായും (പിഎസ്ജി സ്പോര്‍ട്സ് ഡയറക്ടര്‍) നെയ്മറുമായും ഞാന്‍ ചര്‍ച്ച നടത്തി.

” ഓരോ കളിയും കളിക്കണം എന്നാഗ്രഹിക്കുന്ന ആളാണ്‌ നെയ്മര്‍. റയല്‍ മാഡ്രിഡിനെതിരായ മത്സരം അദ്ദേഹം വ്യക്തമായി തന്നെ മുന്നില്‍കാണുന്നുണ്ട്. ആ മത്സരത്തിനായൊരുങ്ങാന്‍ അദ്ദേഹത്തിന്‍റെ മുന്നില്‍ ഇപ്പോഴും ചെറിയൊരു അവസരമുണ്ട് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.” ചിരവൈരികളായ മാര്‍സിലെയുമായി നടക്കാനിരിക്കുന്ന ഫ്രഞ്ച് കപ്പ്‌ ക്വാര്‍ട്ടര്‍ ഫൈനലിന് മുന്‍പുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മാനേജര്‍.

മാര്‍ച്ച് ആറാം തീയ്യതി നടന്ന ചാമ്പ്യന്‍സ് ലീഗ് ഒന്നാം പാദ മത്സരത്തില്‍ പിഎസ്ജി 3-1ന് റയലിന് പിന്നിലായിരുന്നു. പിഎസ്ജിയുടെ മുന്നേറ്റ നിരയില്‍ ശക്തമായ സാന്നിധ്യമാണ് സീസണില്‍ 28 ഗോളുകള്‍ നേടുകയും 16 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത നെയ്മര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook