നൂ കാംപ്: ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് സ്പാനിഷ് ലീഗിൽ നിന്നും ഫ്രഞ്ച് ലീഗിലേക്ക് ചേക്കേറിയ സൂപ്പർ താരത്തിന് ബാഴ്‌സലോണയിലേക്ക് തിരികെ വരണം. ഇതിന് വേണ്ടി താരത്തിന്റെ ഏജന്റുമാർ നിരന്തരം സ്പാനിഷ് വമ്പന്മാരെ വിളിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.

മറ്റാരുമല്ല, പിഎസ്‌ജിയുടെ നെടുംതൂണായ ബ്രസീലിയൻ സ്ട്രൈക്കർ നെയ്‌മർ തന്നെയാണത്. 222 മില്യൺ യൂറോയ്ക്ക് ബാഴ്സലോണയിൽ നിന്ന് പിഎസ്‌ജിയിലേക്ക് ചേക്കേറിയ താരത്തിന് ഇപ്പോൾ എങ്ങിനെയും തിരികെ വന്നാലേ മതിയാകൂ എന്ന നിലയിലാണ്.

സ്പാനിഷ് ദിനപത്രമായ എഎസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിഎസ്ജിയിലേക്ക് ചേക്കേറിയ വർഷം തന്നെ നെയ്മർ ഉൾപ്പെട്ട പിഎസ്‌ജി, ലീഗ് 1, കോപ്പെ ഡി ഫ്രാൻസ്, കോപെ ഡി ലാ ലിഗ എന്നീ കിരീടങ്ങൾ നേടിയിരുന്നു. 2017-18 സീസണിൽ ലീഗ് 1 ൽ 19 ഗോളടിച്ച താരം 13 ഗോളുകൾക്ക് അവസരം ഒരുക്കി. ചാംപ്യൻസ് ലീഗിൽ ആറ് ഗോളും മൂന്ന് അസിസ്റ്റുമായിരുന്നു താരത്തിന്റെ നേട്ടം.

എന്നാൽ ബാഴ്സലോണയിലേക്ക് തന്നെ തിരികെ പോകണം എന്നാണ് താരത്തിന്റെ ഇപ്പോഴത്തെ നിലപാട്. ബാഴ്സലോണയിലേക്ക് സാധിച്ചില്ലെങ്കിൽ റയൽ മാഡ്രിഡിലേക്ക് പോകാനും താരം ശ്രമം നടത്തുന്നുണ്ട്.

2020 സീസണിലേക്ക് 160 മില്യൺ യൂറോ ആണ് താരത്തിന്റെ മൂല്യം. ബാഴ്സലോണയുടെ മിഡ്ഫീൽഡറായ ബ്രസീലിയൻ താരം ആർതർ മിലോ ടീമിലേക്ക് നെയ്‌മറെ തിരികെ എത്തിക്കാൻ നിരന്തരം ശ്രമിക്കുന്നുണ്ട്. എന്നാൽ കറ്റാലൻ ടീം ഇനിയും ഒരു അനുകൂല തീരുമാനം എടുത്തിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ