ലോകത്തെ ഏറ്റവും വിലയേറിയ ഫുട്ബോൾ താരമായ നെയ്മറിനെ വീണ്ടും നാണം കെടുത്തി സഹതാരം എഡിസൻ കവാനി. പെനാൽറ്റി കിക്ക് എടുക്കാൻ എത്തിയ നെയ്മറോട് മാറി നിൽക്കാൻ പറയുന്ന കവാനിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഫ്രഞ്ച് ലീഗിൽ ഇന്നലെ ഒളിമ്പിക് ലിയോണിനെതിരായ മത്സരത്തിനിടെയാണ് സൂപ്പർ താരങ്ങൾ പെനാൽറ്റിക്കായി പോരാടിയത്.

മത്സരത്തിന്റെ 78-ാം മിനിറ്റിൽ കൗമാര താരം കൈൽ എംബാപെയെ ബോക്സിൽ വീഴ്ത്തിയതിനാണ് പിഎസ്ജിക്ക് പെനാൽറ്റി ലഭിച്ചത്. സ്പോട്ട്കിക്കെടുക്കാൻ പന്തുമായി കവാനിയാണ് ആദ്യം എത്തിയത്. എന്നാൽ താൻ കിക്കെടുക്കാമെന്ന് നെയ്മർ പറഞ്ഞെങ്കിലും കവാനി കേട്ടില്ല. നെയ്മറോട് മാറി നിൽക്കാനും കവാനി ആവശ്യപ്പെട്ടു. നിരാശനായി നെയ്മർ മടങ്ങിയപ്പോൾ കാവാനിയുടെ കിക്ക് ഗോൾകീപ്പർ തടഞ്ഞു.

മത്സരത്തിനിടെ പിന്നെയും ഇരുതാരങ്ങളും തമ്മിൽ ഫ്രീകിക്കിന്റെ പേരിൽ കൊമ്പ് കോർത്തു. ബ്രസീലിയൻ ദേശീയ ടീമിൽ നെയ്മറിന്റെ സഹതാരമായ ഡാനി ആൽവേസ് നെയ്മറിനെ പിന്തുണച്ച് രംഗത്ത് വന്നു. ആൽവേസിന്റെ കയ്യിലുള്ള പന്ത് തട്ടിയെടുക്കാൻ കവാനി ശ്രമിച്ചെങ്കിലും ആൽവേസ് വഴങ്ങിയില്ല. മല്ല്പിടിച്ച് നേടിയ പന്ത് നെയ്മറിന് നൽകി ആൽവേസ് പുതിയ കലാപത്തിന് തുടക്കമിട്ടു.

നെയ്മറും, കവാനിയും തമ്മിലുള്ള അസ്വാരസ്യങ്ങൾ സീസണിന്റെ തുടക്കത്തിൽത്തന്നെ വിവാദമായിരുന്നു. സൂപ്പർ താരങ്ങൾ തമ്മിലുളള വൈരം ടീമിന്റെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പിഎസ്ജിയുടെ പരിശീലകൻ. ഡാനി ആൽവേസിന്റെ ഇടപെടൽ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയെന്ന നിഗമനമാണ് പരിശീലകൻ ഉനായ് എമ്റിക്ക് ഉള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook