റിയോ: ലോകത്താകമാനം പടർന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള ശ്രമത്തിലാണ് രാജ്യങ്ങളെല്ലാം. ഇതിന് വലിയ വിലയാണ് നൽകേണ്ടിയും വരുന്നത്. ഈ സാഹചര്യത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമാകുന്നുണ്ട്. കായിക ലോകത്ത് നിന്ന് മെസിയും റൊണാൾഡോയും ഉൾപ്പടെ നിരവധി താരങ്ങൾ ഇതിനോടകം തന്നെ തങ്ങളുടെ വക പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകി കഴിഞ്ഞു. ഈ പട്ടികയിലേക്കാണ് ബ്രസീലിയൻ താരം നെയ്മറും എത്തുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരു മില്യൺ ഡോളറാണ് നെയ്മർ നൽകിയിരിക്കുന്നത്.

ഒരു രാജ്യാന്തര മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരങ്ങളിൽ മൂന്നാം സ്ഥാനമാണ് നെയ്മർക്ക്. തന്റെ നാടായ ബ്രസീലിലെ പ്രവർത്തനങ്ങൾക്കായാണ് താരം തുക സംഭാവന നൽകിയിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ യുണിസെഫിനും തന്റെ സുഹൃത്തായ ലൂസിയാനോ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കുമായാണ് തുക ഭാഗിക്കുക.

Also Read: വിഖ്യാതമാക്കിയത് ധോണി; ‘ചീക്കൂ’ എന്ന ചെല്ലപ്പേരിന് പിന്നിലെ കഥ വെളിപ്പെടുത്തി കോഹ്‌ലി

അതേസമയം സംഭാവന സംബന്ധിച്ച കണക്കുകൾ പുറത്ത് വിടാറില്ലെന്നാണ് താരത്തിന്റെ ഓഫീസ് നൽകുന്ന വിശദീകരണം. നേരത്തെ പിഎസ്ജിയിലെ തന്നെ നെയ്മറിന്റെ സഹതാരമായ കെയ്‌ലിയൻ എംബാപ്പെയും വലിയ തുക ഫ്രാൻസിലെ പ്രവർത്തനങ്ങൾക്ക് നൽകിയെന്നാണ് വിവരം. തുകയെത്രയെന്ന് താരവും വെളിപ്പെടുത്തിയിട്ടില്ല.

നേരത്തെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൻ തുകയാണ് ബാഴ്സലോണയുടെ അർജന്റീന താരം ലയണൽ മെസിയും മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോളയും സംഭാവന നൽകിയത്. ഒരു മില്യൺ യൂറോ (ഏകദേശം 8.25 കോടി ഇന്ത്യൻ രൂപ) വീതം ഇരുവരും സംഭാവന ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: കോവിഡ്-19: ഇന്ത്യയിൽ നിന്ന് മടങ്ങിയ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ പരിശോധന ഫലം നെഗറ്റീവ്

അർജന്റീനയിലും സ്‌പെയിനിലുമായി വിഭജിച്ചാണ് മെസി പണം നൽകിയിരിക്കുന്നത്. സംഭാവനയുടെ ഒരു ഭാഗം ബാഴ്സലോണയിലെ ആശുപത്രികളുടെ പ്രവർത്തനങ്ങൾക്കും ഒരു ഭാഗം തന്റെ സ്വന്തം രാജ്യമായ അർജന്റീനയിലെ ആരോഗ്യ കേന്ദ്രങ്ങൾക്കുമായാണ് മെസി നൽകിയിരിക്കുന്നതെന്ന് മാഴ്സ റിപ്പോർട്ട് ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook