പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്സ് ഇന്നലെയാണ് അന്തരിച്ചത്. ശാസ്ത്ര ലോകത്തിന് മഹത്തായ സംഭാവനകൾ നൽകിയ ഹോക്കിങ്സിന്റെ വിയോഗത്തിൽ ലോകമെമ്പാടും ദുഃഖത്തിലാഴ്ന്നിരുന്നു. ലോക നേതാക്കളും സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖരും സ്റ്റീഫൻ ഹോക്കിങ്സിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ സ്റ്റീഫൻ ഹോക്കിങ്സിന്റെ വിയോഗത്തിൽ അനുശോചനം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്ത ബ്രസീലിയൻ താരം നെയ്മർ വിവാദ ചുഴിയിൽ അകപ്പെട്ടിരിക്കുകയാണ്.

സ്റ്റീഫൻ ഹോക്കിങ്സിന്രെ ‘You have to have a positive attitude and get the best out of the situation in which you find yourself’ എന്ന വാക്കുകൾ കടം എടുത്താണ് നെയ്മറിന്റെ ട്വീറ്റ്. പക്ഷെ ഇതിൽ ഉപയോഗിച്ച ചിത്രമാണ് ജനങ്ങളെ ചൊടിപ്പിച്ചത്. ജീവിതത്തിന്റെ ഭൂരിഭാഗം സമയവും വീൽചെയറിൽ ജീവിച്ച ഹോക്കിങ്സിനെ കളിയാക്കുന്ന തരത്തിലുള്ളൊരു ചിത്രമാണ് നെയ്മർ ഉപയോഗിച്ചത്.

പരുക്ക് മൂലം ചികിത്സയിൽ കഴിയുന്ന നെയ്മറും വീൽചെയറിന്റെ സഹായത്തോടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ഫെബ്രുവരി 26ന് മാഴ്സെയ്ക്കെതിരെ നടന്ന മൽസരത്തിനിടെയാണ് നെയ്മറിന്രെ വലത് കാലിന് പരുക്കേറ്റത്. പരുക്ക് ഭേദമാകാൻ ഒരു മാസത്തെ വിശ്രമമാണ് താരത്തിന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുളളത്.

പരുക്കിനെ തുടർന്ന് നെയ്മർ വീൽചെയറിലാണ് സഞ്ചരിക്കുന്നത് എന്ന് വ്യക്തമായെങ്കിലും അനവസരത്തിലാണ് താരത്തിന്റെ ഈ​ ട്വീറ്റ് എന്നാണ് ജനങ്ങളുടെ അഭിപ്രായം. നെയ്മറിന്റെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ