/indian-express-malayalam/media/media_files/uploads/2018/07/neyamr-mbappe.jpg)
ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു ബാഴ്‌സയില്‍ മെസിക്കും സുവാരസിനുമൊപ്പം സ്‌പെയിനില്‍ അത്ഭുതങ്ങള്‍ കാണിച്ചു കൊണ്ടിരുന്ന നെയ്മറിനെ പിഎസ്ജി സ്വന്തമാക്കുന്നത്. ഫ്രാന്‍സിലെ നമ്പര്‍ വണ്‍ ക്ലബ്ബായ പിഎസ്ജിയുടെ നീക്കത്തിന് പിന്നില്‍ ചാമ്പ്യന്‍സ് ലീഗെന്ന ലക്ഷ്യമുണ്ടായിരുന്നു. നെയ്മറിന് പുറമെ ഉറുഗ്വായ് താരം കവാനിയും ഫ്രഞ്ച് യുവതാരം കിലിയന്‍ എംബാപ്പെയുമാണ് പിഎസ്ജിയുടെ കുന്തമുനകള്‍.
കവാനി നേരത്തെ തന്നെ പിഎസ്ജിയുടെ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകര്‍ന്നുകൊണ്ട് മുന്നില്‍ നിന്നു തന്നെ നയിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് റെക്കോര്‍ഡ് തുകയ്ക്ക് നെയ്മറിനെ എത്തിക്കുന്നത്. മോണോക്കയില്‍ നിന്നുമാണ് കഴിഞ്ഞ സീസണില്‍ കിലിയന്‍ എംബാപ്പെയെ എത്തിച്ചത്.
ക്ലബ്ബിലെ ആദ്യ സീസണില്‍ തന്നെ എംബാപ്പെ വരവറിയിച്ചു. 21 ഗോളും 16 അസിസ്റ്റുമായി തിളങ്ങിയ എംബാപ്പെ ലോകകപ്പില്‍ ഫ്രാന്‍സിന്റെ വജ്രായുധമാണ്. ചാമ്പ്യന്‍സ് ലീഗ് നോട്ടമിട്ടിരിക്കുന്ന പിഎസ്ജിയ്ക്ക് പക്ഷെ ആശ്വാസം നല്‍കുന്ന വാര്‍ത്തകളല്ല ഇപ്പോള്‍ ഫ്രാന്‍സില്‍ നിന്നും കേള്‍ക്കുന്നത്. നേരത്തെ കവാനിയും നെയ്മറും തമ്മില്‍ അസ്വാരസ്യമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് എല്ലാം ശരിയാവുകയായിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്നത് നെയ്മറും എംബാപ്പെയും തമ്മിലും പ്രശ്‌നങ്ങളുണ്ടെന്നാണ്.
നെയ്മറും ഡാനി ആല്‍വസും ചേര്‍ന്ന് എംബാപ്പെയെ കളിയാക്കുന്നതും അധിക്ഷേപിക്കുന്നതും പതിവാണെന്നും അത് എംബാപ്പെയെ അതിയായി വേദനിപ്പിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രശസ്ത ചിത്രമായ ടീനേജ് മ്യൂട്ടന്റ് നിന്‍ജ ടര്‍ട്ടില്‍സിലെ ഡോണറ്റെല്ല എന്ന കഥാപാത്രവുമായി എംബാപ്പെയ്ക്ക് രൂപ സാദൃശ്യമുണ്ടെന്ന് പറഞ്ഞാണ് നെയ്മറും ഡാനി ആല്‍വസും പരിഹസിക്കുന്നത്.
തന്നെ ആമയോട് താരതമ്യപ്പെടുത്തി കൊണ്ടുള്ള തമാശ എംബാപ്പയെ ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്നും താരത്തിന്റെ കുടുംബം ഇതിനെ കുറിച്ച് പിഎസ്ജി അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സീനിയര്‍ താരങ്ങള്‍ 19 കാരനായ എംബാപ്പെയെ റാഗ് ചെയ്യുകയാണെന്നാണ് കുടുംബത്തിന്റെ പരാതി.
ഇരുകൂട്ടരും തമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ടീം അധികൃതര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് സ്പാനിഷ് മാധ്യമമായ എല്‍ പെയ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകകപ്പ് നേടാന്‍ എംബാപ്പെയ്ക്ക് സാധിച്ചാല്‍ ഒരുപക്ഷെ നെയ്മറിന്റേയും ഡാനി ആല്‍വസിന്റേയും പെരുമാറ്റത്തില്‍ മാറ്റം വന്നേക്കാം എന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.