റഷ്യന്‍ ലോകകപ്പിലെ പ്രധാന ചര്‍ച്ചകളിലൊന്നായിരുന്നു ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറിന്റെ വീഴ്ചകളും നിലത്ത് കിടന്നുള്ള അഭ്യാസങ്ങളും. ട്രോളുകളിലൂടേയും അല്ലാതേയും നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയത്. ഫുട്ബോള്‍ ഇതിഹാസങ്ങള്‍ പോലും നെയ്മറെ വിമര്‍ശിക്കുകയുണ്ടായി. ബ്രസീലിനേയും ഫുട്ബോളിനേയും നെയ്മര്‍ നാണം കെടുത്തിയെന്നതായിരുന്നു താരത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനം. ഇപ്പോഴിതാ തന്റേത് അഭിനയം തന്നെയായിരുന്നുവെന്ന് സമ്മതിച്ചിരിക്കുകയാണ് നെയ്മര്‍.
‘ലോകകപ്പ് മത്സരങ്ങളിലെ എന്റെ പ്രവര്‍ത്തികള്‍ അതിര് കടന്നില്ലേയെന്ന് ആരാധകര്‍ക്ക് തോന്നാം. ചില സമയങ്ങളില്‍ കുറച്ച് ഓവറായെന്നത് സത്യമാണ്, സമ്മതിക്കുന്നു. എന്നാല്‍ കളിക്കളത്തില്‍ ഞാന്‍ ഫൗള്‍ ചെയ്യപ്പെട്ടുവെന്നത് സത്യമാണ്. എന്നാല്‍ വേദന കൊണ്ട് എന്റെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റം ചില സമയത്തെങ്കിലും അതിര് കടന്നെന്ന് സമ്മതിക്കുന്നു’ നെയ്മര്‍ പറയുന്നു.
ചിലപ്പോള്‍ താന്‍ ലോകത്തിന്റെ ഹൃദയം കീഴടക്കുമെന്നും എന്നാല്‍ മറ്റു ചിലപ്പോള്‍ ലോകത്തിന്റെ മൊത്തം വെറുപ്പും സമ്പാദിക്കുമെന്നും പറഞ്ഞ നെയ്മര്‍ തന്റെ ഉള്ളിലെ കുട്ടിയെ നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്നും എന്നാല്‍ താന്‍ ഗ്രൗണ്ടില്‍ അത് ചെയ്യില്ലെന്നും പറഞ്ഞു. അതേസമയം, താന്‍ വീഴുക മാത്രമായിരുന്നില്ല തകര്‍ന്നു പോവുകയായിരുന്നുവെന്നും നെയ്മര്‍ പറഞ്ഞു.
ബെല്‍ജിയത്തിനെതിരെ പരാജയപ്പെട്ട് പുറത്തായതിനെ തന്റെ പരുക്കേറ്റ കാലില്‍ ചവുട്ടുന്നതിനേക്കാള് വേദനിപ്പിക്കുന്നതായാണ് നെയ്മര്‍ വിശേഷിപ്പിച്ചത്. വിമര്‍ശനങ്ങളെ സ്വീകരിക്കുകയും പുതിയ മനുഷ്യനായി മാറുകയുമാണ് ലക്ഷ്യമെന്ന് പറഞ്ഞ നെയ്മര്‍ ആരാധകരോടായി ഒന്നെങ്കില്‍ നിങ്ങള്‍ക്ക് കല്ലെറിയാം അല്ലെങ്കില്‍ എഴുന്നേറ്റ് നില്ക്കാന് തന്നെ സഹായിക്കാമെന്നും പറഞ്ഞു. താന്‍ എഴുന്നേറ്റ് നിന്നാല്‍ ബ്രസീലും തനിക്കൊപ്പം എഴുന്നേറ്റ് നില്‍ക്കുമെന്നും താരം പറഞ്ഞു.