ബാഴ്സിലോണ:​ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് പിഎസ്‌ജി, സൂപ്പർ താരം നെയ്മറിനെ വാങ്ങി. ഇതുമായി ബന്ധപ്പെട്ട് 222 ദശലക്ഷം യൂറോയുടെ കരാറിൽ ബാഴ്സിലോണയുമായി പിഎസ്‌ജി ഒപ്പിട്ടു.

നെയ്മറുടെ അഭിഭാഷകൻ ബാഴ്സിലോണ ക്ലബ് ആസ്ഥാനത്തെത്തിയാണ് കരാർ വിവരങ്ങൾ കൈമാറിയതെന്നാണ് ഇത് സംബന്ധിച്ച പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. കരാറിന്റെ മുഴുവൻ വിവരങ്ങളും യുവേഫ അധികൃതർക്ക് കൈമാറിയതായും ബാഴ്സിലോണ ഫുട്ബോൾ ക്ലബ് അറിയിച്ചു.

ബാഴ്സയുമായി 2021 വരെയാണ് നെയ്മറുടെ കരാർ. ഈ കരാർ ഉപേക്ഷിക്കണമെങ്കിൽ താരത്തെ വാങ്ങുന്ന ക്ലബ് ലാ ലിഗ വഴി ബൈ ഔട്ട് ക്ലോസ് തുക നൽകണം. ഇതു പ്രകാരമാണ് താരത്തിന് 222 ദശലക്ഷം യൂറോ മുടക്കാൻ പിഎസ്‌ജി തയ്യാറായത്.

ഏതാണ്ട് 1675.75 കോടി രൂപയ്ക്കാണ് പിഎസ്ജി നെയ്മറെ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തേ നെയ്മറിനെ സ്വന്തമാക്കുന്നതിനായി പിഎസ്‌ജി നൽകിയ തുക സ്പാനിഷ് ലീഗായ ലാലിഗയുടെ അധികൃതർ നിരസിച്ചിരുന്നു. എന്നാൽ ബാഴ്സ ഇത് വാങ്ങിയതോടെ തടസ്സങ്ങൾ ഒഴിവായി. അതേസമയം നെയ്മറുടെ പിൻമാറ്റം ബാർസയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ