/indian-express-malayalam/media/media_files/uploads/2018/08/neymar.jpg)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും വിജയത്തുടക്കം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സിറ്റി ആര്‍സണലിനെ പരാജയെപ്പെടുത്തിയത്. വിജയത്തോടെ നിലവിലെ കിരീട ജേതാക്കളായ സിറ്റി ഇത്തവണയും ലീഗില്‍ തങ്ങളുടെ ശക്തമായ വരവറിയിച്ചിരിക്കുകയാണ്.
ആദ്യ പകുതിയുടെ 14-ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ്ങാണ് സിറ്റിക്കായി ആദ്യ ഗോള്‍ നേടിയത്. 64-ാം മിനിറ്റില്‍ ബെര്‍ണാര്‍ഡോ സില്‍വ കൂടി ആര്‍സണല്‍ വല കുലുക്കിയതോടെ സിറ്റിയുടെ ഗോള്‍ സമ്പാദ്യം രണ്ടായി. സിറ്റിയുടെ ശക്തമായ പ്രതിരോധത്തിന് മുന്നില്‍ ഓസിലിനും സംഘത്തിനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
പുതിയ കോച്ച് യുനൈ എംറിക്കും ആര്‍സെണല്‍ പ്രകടനത്തില്‍ മാറ്റം വരുത്താന്‍ സാധിച്ചില്ല. വമ്പന്‍ ടീമുകളുടെ മുന്നില്‍ തോല്‍ക്കുന്ന പതിവ് ഇത്തവണയും ആര്‍സണല്‍ ആവര്‍ത്തിച്ചു. രണ്ട് പതിറ്റാണ്ട് കാലത്തെ ആര്‍സണല്‍ പരിശീലക സ്ഥാനം ഒഴിഞ്ഞ ആര്‍സെന്‍ വേങ്ങറിനു പകരക്കാരനായാണ് സ്പാനിഷ് ഫുട്‌ബോളര്‍ യുനൈ എംറി ആര്‍സണല്‍ പരിശീലക സ്ഥാനത്തേക്കെത്തുന്നത്.
ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയും വിജയത്തോടെ തുടങ്ങി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് വമ്പന്മാര്‍ ക്യാനിനെ പരാജയപ്പെടുത്തിയത്. 10-ാം മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മറാണ് ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചത്. ആദ്യ പകുതിയില്‍ തന്നെ 35-ാം മിനിറ്റില്‍ അഡ്രിയാന്‍ റബിയൊട്ടും പിഎസ്ജിക്കായി ഗോള്‍ നേടുകയായിരുന്നു. കളി അവസാനിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് തിമോത്തി വെയ്ഹ് (89) ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. സൂപ്പര്‍ താരങ്ങളായ എഡിസണ്‍ കാവാനിയും എംബപ്പേയും ഇല്ലാതെയാണ് പിഎസ്ജി കളത്തിലിറങ്ങിയത് .
റഷ്യന്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തിനിടയില്‍ സംഭവിച്ച പരുക്കില്‍നിന്നും മുക്തനാകാത്തതാണ് ഉറുഗ്വന്‍ താരം എഡിസണ്‍ കവാനിക്ക് മത്സരം നഷ്ടമാകാന്‍ കാരണം. ലോകകപ്പിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട കെയിലിയന്‍ എംബപ്പേയും ടീമിനൊപ്പം ഉണ്ടായിരുന്നില്ല.
ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരാണ് പാരീസ് സെന്റ് ജര്‍മ്മന്‍. ജര്‍മ്മന്‍കാരനായ പരിശീലകന്‍ തോമസ് റ്റിയുച്ചലിന് കീഴിലുള്ള ആദ്യ മത്സരമായിരുന്നു പിഎസ്ജിയുടേത്. ബൊറൂസിയ ഡോട്മുണ്ടില്‍ നിന്നുമാണ് റ്റിയുച്ചല്‍ പിഎസ്ജിയില്‍ എത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.