ഡബ്ലിന്‍: വനിതാ ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് അമേലിയ കെര്‍ എന്ന 17 കാരി. അയര്‍ലൻഡിനെ ഒറ്റയ്‌ക്ക് തീര്‍ത്താണ് അമേലിയ ന്യൂസിലൻഡിനെ വിജയത്തിലേക്ക് നയിച്ചത്. അയര്‍ലൻഡില്‍ നടന്ന മൽസരത്തില്‍ ആതിഥേയരുടെ പരാജയം 307 റണ്‍സിനായിരുന്നു. ഇരട്ട സെഞ്ചുറിയും അഞ്ച് വിക്കറ്റും നേടി അമേലിയ അയര്‍ലൻഡിനെ അക്ഷരാര്‍ത്ഥത്തില്‍ ഒറ്റയ്‌ക്കു തന്നെ തീര്‍ക്കുകയായിരുന്നു.

441 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ വിജയലക്ഷ്യവുമായിറങ്ങിയ അയര്‍ലൻഡിന് 133 റണ്‍സ് മാത്രമേ നേടാനായുള്ളൂ. വനിതാ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന 21 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്താണ് അമേലിയ ഇരട്ടസെഞ്ചുറി നേടിയത്. 232 റണ്‍സുമായി പുറത്താകാതെ നിന്ന അമേലിയ 31 ഫോറും രണ്ട് സിക്‌സും നേടി. 145 റണ്‍സില്‍ നിന്നാണ് താരത്തിന്റെ പ്രകടനം.

മുന്‍ ഓസീസ് ക്യാപ്റ്റന്‍ ബെലിന്‍ഡയുടെ പേരിലായിരുന്നു നേരത്തെ ഉയര്‍ന്ന സ്‌കോറിന്റെ റെക്കോര്‍ഡ്. 229 റണ്‍സായിരുന്നു ബെലിന്‍ഡ നേടിയത്. ബെലിന്‍ഡ ആ റെക്കോര്‍ഡ് നേടുമ്പോള്‍ അമേലിയ ജനിച്ചിട്ടു പോലുമില്ലായിരുന്നുവെന്ന് വാസ്‌തവം. 1997 ല്‍ ഡെന്‍മാര്‍ക്കിനതെരിയായിരുന്നു ബെലിന്‍ഡയുടെ നേട്ടം.

43 റണ്‍സ് നേടിയ ഉന റേമണ്ട്-ഹോയ് ആണ് അയര്‍ലൻഡിന്റെ ടോപ് സ്‌കോറര്‍. ഷൗന കവനാഗ് 28 , ജെന്നിഫര്‍ ഗ്രേ 17 എന്നിവരാണ് രണ്ടക്കം കടന്ന താരങ്ങള്‍. മറ്റുതാരങ്ങള്‍ ന്യൂസിലൻഡ് ബോളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ