ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത പതിപ്പിൽ ആദ്യാവസാനം കളിക്കാൻ ന്യൂസിലൻഡ് താരങ്ങളുണ്ടാകും. ഐപിഎല്ലിന് ശേഷം ഉടനെ തന്നെ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുമെന്നതിനാൽ പല ക്രിക്കറ്റ് ബോർഡുകളും താരങ്ങളെ വിട്ടു നൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ന്യൂസിലൻഡ് താരങ്ങൾ ഐപിഎല്ലിൽ ഉണ്ടാകുമെന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് നിന്നും കേൾക്കുന്നത്. ന്യൂസിലൻഡ് ക്രിക്കറ്റ് ജനറൽ മാനേജർ കൊമേർഷ്യൽ ജെയിംസ് വെയറാണ് ഇക്കാര്യത്തിൽ വ്യക്തമാക്കിയത്.

“ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അവസാനം വരെ കളിക്കാൻ ന്യൂസിലൻഡ് താരങ്ങൾക്ക് അനുമതിയുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതൽ പരിചയ സമ്പത്താണ് ലക്ഷ്യമിടുന്നത്. ഐപിഎൽ പോലൊരു വേദിയിൽ മികച്ച അനുഭവ പരിചയമാണ് താരങ്ങൾക്ക് ലഭിക്കുക,” ജെയിംസ് വെയർ പറഞ്ഞു.

കഴിഞ്ഞ സീസണിൽ 11 ന്യൂസിലൻഡ് താരങ്ങളാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ചതെന്നും അത് തങ്ങൾക്ക് ഏറെ ഗുണം ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന പരമ്പരയിൽ ഇന്ത്യയെ നേരിടാനൊരുങ്ങുകയാണ് ന്യൂസിലൻഡ്. അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയും മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയുമാണ് ഇന്ത്യ ന്യൂസിലൻഡിൽ കളിക്കുന്നത്.

താരങ്ങളെ കളിപ്പിക്കാൻ കിവി ക്രിക്കറ്റ് ബോർഡ് അനുവാദം നൽകിയതോടെ കോളടിച്ചത് ഐപിഎൽ ഫ്രഞ്ചൈസികൾക്കാണ്. കിവിസ് നായകൻ കെയ്ൻ വില്യംസൻ, ട്രെൻഡ് ബോൾട്ട്, ടിം സൗത്തി മുതലായ ടി20 സ്പെഷ്യലിസ്റ്റുകൾ എത്തുന്നതോടെ ഐപിഎൽ ആവേശവും വാനോളം ഉയരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook