ട്വന്റി-20 ക്രിക്കറ്റിൽ ഒരുപിടി ലോകറിക്കോഡുകൾ പിറന്ന മാത്സരമാണ് ഇന്ന് ന്യൂസിലാൻഡിലെ ഈഡൻപാർക്കിൽ നടന്നത്. കുട്ടിക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വിജയലക്ഷ്യം പിന്തുടർന്ന് ജയിക്കുന്ന ടീമെന്ന റെക്കോഡ് ഓസ്ട്രേലിയൻ ടീമും , ട്വന്റി-20യിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരൻ എന്ന റെക്കോഡ് മാർട്ടിൻ ഗുപ്റ്റിലും സ്വന്തമാക്കിയ മത്സരമാണ് ഇന്ന് നടന്നത്. എന്നാൽ ഭാഗ്യ-നിർഭാഗ്യങ്ങളുടെ മത്സരമായിരുന്നു ന്യൂസിലാൻഡ് താരം മാർക്ക് ചാപ്പ്മാന് ഇന്നത്തേത്.
ഇടങ്കയ്യൻ ബാറ്റ്സ്മാനായ മാർക്ക് ചാപ്പ്മാൻ ഇന്ന് പുറത്തായ രീതിയാണ് ഏവരെയും അമ്പരപ്പിച്ചത്. നാലാമനായി ക്രിസിൽ എത്തിയ ചാപ്പ്മാൻ പതിനെട്ടാം ഓവറിലാണ് പുറത്തായത്. 14 പന്തിൽ 16 റൺസുമായി ക്രിസിൽ നിൽക്കെ ഓസ്ട്രേലിയൻ പേസർ ബില്ലി സ്റ്റാൻലേക്കിന്റെ പന്തിലാണ് ചാപ്പ്മാൻ പുറത്താകുന്നത്.
പതിനെട്ടാം ഓവറിലെ അവസാന പന്തിലാണ് ചാപ്പ്മാന്റെ വിക്കറ്റ് തെറിച്ചത്. ബില്ലി സ്റ്റാൻലേക്ക് എറിഞ്ഞ ബൗൺസറിൽ പുൾഷോട്ട് കളിക്കാൻ ശ്രമിച്ച ചാപ്പ്മാന് ടൈമിങ് പിഴയ്ക്കുകയായിരുന്നു. പിന്നാലെ പന്ത് ചാപ്പ്മാന്റെ ഹെൽമറ്റിന്റെ ഗ്രില്ലിൽ പതിക്കുകയും ചെയ്തു. എന്നാൽ പന്ത് കൊണ്ട ആഘാതത്തിൽ ചാപ്പ്മാന്റെ ഹെൽമെറ്റ് ഊരിത്തെറിക്കുകയും സ്റ്റംമ്പിൽ പതിക്കുകയും ചെയ്തു. ഇതോടെ ചാപ്പ്മാൻ ഹിറ്റ്വിക്കറ്റാണെന്ന് അമ്പയർ വിധിക്കുകയും ചെയ്തു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ രീതിയിൽ പുറത്താകുന്ന മൂന്നാമത്തെ താരമാണ് ചാപ്പ്മാൻ. ബ്രറ്റ്ലിയുടെ പന്തിൽ ഹിറ്റ്വിക്കറ്റായ ആഡം പറോറെ, ഡ്വയിൻ ബ്രാവോയുടെ പുറത്തായ കെവിൻ പീറ്റേഴ്സൺ എന്നിവരാണ് ഇതേ രീതിയിൽ പുറത്തായ താരങ്ങൾ.
#HitWicket @markchapman #AusVsNZ #AUS #kiwis #NZvAUS #ICC pic.twitter.com/QZ73qnYNoI
— Jothi Basu (@JothiBasu8692) February 16, 2018
മത്സരത്തിൽ ഓസ്ട്രേലിയ 5 വിക്കറ്റിന് ന്യൂസിലാൻഡിനെ തോൽപ്പിച്ചു. ന്യൂസിലാൻഡ് ഉയർത്തിയ 244 റൺസ് വിജയലക്ഷ്യം 7 പന്ത് ശേഷിക്കെ ഓസ്ട്രേലിയ മറികടക്കുകയായിരുന്നു. സ്കോർ – ന്യൂസിലാൻഡ് 243/6 (20), ഓസ്ട്രേലിയ 245/5(18.5).
ക്രിക്കറ്റ് ആരാധകർക്ക് ബാറ്റിങ് വെടിക്കെട്ടിന്റെ മാസ്മരികത സമ്മാനിച്ച മത്സരമായിരുന്നു ഈഡൻ പാർക്കിലേത്. മാർട്ടിൻ ഗുപ്റ്റിലിന്റെ അതിവേഗ സെഞ്ചുറിയുടെ കരുത്തിലാണ് കിവീസ് വമ്പൻ സ്കോർ പടുത്തുയർത്തിയത്. ഓപ്പണറായി ഇറങ്ങിയ ഗുപ്റ്റിൽ 54 പന്തിൽ 9 സിക്സറുകളും 4 ഫോറുകളും ഉൾപ്പടെ 105 റൺസാണ് ഗുപ്റ്റിൽ അടിച്ച് കൂട്ടിയത്. 33 പന്തിൽ 76 റൺസ് നേടിയ കോളിൻ മൺറോ ഗുപ്റ്റിലിന് മികച്ച പിന്തുണ നൽകി. ഇരുവരും പുറത്തായതിന് ശേഷം റൺസ് ഉയർത്താൻ മധ്യനിരയ്ക്ക് കഴിഞ്ഞില്ല. എന്നിരുന്നാലും 6 വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് എന്ന സ്കോർ സ്വന്തമാക്കാൻ ന്യൂസിലാൻഡിന് കഴിഞ്ഞു.
ന്യൂസിലാൻഡ് ഉയർത്തിയ റൺമല മറികടക്കാൻ ഇറങ്ങിയ കങ്കാരുപ്പടയും വിട്ട് കൊടുത്തില്ല. ന്യൂസിലാൻഡ് ബൗളർമാരെ തച്ച്തകർത്ത് ഡേവിഡ് വാർണ്ണർ ടീമിന് മികച്ച തുടക്കം നൽകി. 24 പന്തിൽ ഫോറും 5 റൺസും ഉൾപ്പടെ 59 റൺസാണ് വാർണ്ണർ നേടിയത്. നായകൻ പുറത്തായതിന് ശേഷം ഓപ്പണർ നവാഗത താരം ആർക്കി ഷോട്ടിന്റെ തകർപ്പൻ പ്രകടനമാണ് കണ്ടത്. 44 പന്തിൽ 76 റൺസ് നേടി ഷോർട്ട് ഓസ്ട്രേലിയയെ വിജയത്തിലേക്ക് അടുപ്പിച്ചു. പിന്നാലെ എത്തിയ ആരോൺ ഫിഞ്ച് അതിവേഗം ഓസ്ട്രേലിയക്ക് റെക്കോഡ് വിജയം സമ്മാനിക്കുകയും ചെയ്തു. 14 പന്തിൽ 36 റൺസാണ് ഫിഞ്ച് അടിച്ചത്.