ഓവല്‍: സ്വന്തം ടീമംഗത്തെ പുറത്താക്കാന്‍ എതിര്‍ ടീം ബോളറെ സഹായിച്ച് ന്യൂസിലന്‍ഡ് താരം. ക്രിക്കറ്റ് ലോകത്ത് അപൂർവങ്ങളില്‍ അപൂർവമായി സംഭവിക്കുന്ന പുറത്താകലിനാണ് ഇന്നലെ ഓവല്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ന്യൂസിലന്‍ഡ് വനിതാ ടീമും ഓസ്‌ട്രേലിയയുടെ ഗവര്‍ണര്‍ ജനറല്‍ ഇലവനും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു സംഭവം.

ഓസീസ് താരം ഹെതര്‍ ഗ്രഹാം എറിഞ്ഞ പന്ത് ന്യൂസിലന്‍ഡിന്റെ കാറ്റി പെര്‍ക്കിന്‍സ് സ്‌ട്രൈറ്റ് ഡ്രൈവ് ചെയ്യുകയായിരുന്നു. എന്നാല്‍ കാറ്റിയുടെ കണക്കു കൂട്ടല്‍ പിഴച്ചു. പന്ത് നേരെ ചെന്ന് കൊണ്ടത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന കാറ്റി മാര്‍ട്ടിന്റെ ബാറ്റില്‍. ബോളര്‍ ഹെതര്‍ നോക്കി നില്‍ക്കെ പന്ത് ബാറ്റില്‍ കൊണ്ട് ഉയര്‍ന്നു, നേരെ ഹെതറുടെ അടുത്തേക്ക് വന്നു. യാതൊരു ആയാസവും കൂടാതെ ഹെതര്‍ പന്ത് പിടിയിലൊതുക്കി.

എന്താണ് സംഭവിക്കുന്നതെന്ന് ഹെതറിന് പോലും മനസിലായിരുന്നില്ല. താരങ്ങളുടെ മുഖത്തെല്ലാം ഒരേ അമ്പരപ്പ്. കമന്ററി ബോക്‌സിലുണ്ടായിരുന്നവരും ഞെട്ടി. ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ. ഒടുവില്‍ പുറത്തായ ന്യൂസിലന്‍ഡ് താരത്തിന് അരികിലെത്തി കൈ കൊടുത്താണ് ഹെതര്‍ മടക്കി അയച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook