വെല്ലിംങ്ടൺ: ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ ലൂക്ക് റോഞ്ചി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. കുടുംബ ജീവിതത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കളിമതിയാക്കുന്നത് എന്ന് ലൂക്ക് റോഞ്ചി വ്യക്തമാക്കി. ഓസ്ട്രേലിയക്കായി അരങ്ങേറ്റം കുറിച്ച റോഞ്ചി 2012 ലാണ് ന്യൂസിലാൻഡ് ടീമിലേക്ക് ചേക്കേറിയത്. കഴിഞ്ഞ ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണ്ണമെന്രിൽ ന്യൂസിലാൻഡിനായി താരം കളിച്ചിരുന്നു.

2008ൽ ഓസ്ട്രേലിയക്ക് വേണ്ടിയാണ് റോഞ്ചി അരങ്ങേറ്റം കുറിച്ചത്. ആദം ഗിൽക്രസ്റ്റിന്രെ പകരക്കാരനായാണ് റോഞ്ചി ടീമിൽ എത്തിയത്. വൈസ്റ്റൻഡീസിന് എതിരെയായിരുന്നു റോഞ്ചിയുടെ അരങ്ങേറ്റം. എന്നാൽ ഗിൽക്രസ്റ്റിന്റെ നിഴലിലായിപ്പോയ റോഞ്ചി 2012​ ൽ ഓസ്ട്രേലിയ വിടാൻ തീരുമാനിക്കുകയായിരുന്നു. ന്യൂസിലാൻഡിൽ ജനിച്ചതിനാലാണ് റോഞ്ചിക്ക് ജന്മനാടിനായി കളിക്കാൻ അവസരം ഒരുങ്ങിയത്.

ന്യൂസിലാൻഡിന്രെ നായകനായി ചുമതലയേറ്റെടുത്തതോടെ ബ്രൻഡൻ മക്കല്ലം വിക്കറ്റ് കീപ്പിങ് ഉപേക്ഷിച്ചത് റോഞ്ചിക്ക് തുണയായി. ന്യൂസിലാൻഡിനായി 4 ടെസ്റ്റ് മത്സരങ്ങളും 85 ഏകദിനങ്ങളും റോഞ്ചി കളിച്ചിട്ടുണ്ട്. ന്യൂസിലാൻഡിനായി കളിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു എന്നും ഈ കാലഘട്ടമായിരുന്നു തന്റെ കരിയറിലെ മികച്ച നിമിഷങ്ങൾ എന്നും റോഞ്ചി പ്രതികരിച്ചു. തന്റെ കുടുംബത്തോട് ഒപ്പം കൂടുതൽ സമയം ചിലവഴിക്കാൻ വേണ്ടിയാണ് ക്രിക്കറ്റിൽ നിന്ന് വിടവാങ്ങുന്നത് എന്ന് അദ്ദേഹം പറഞ്ഞു. തന്റെ മക്കൾ ഈ അച്ഛന്റെ സാമീപ്യം ആഗ്രഹിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook