ബേ ഓവൽ: വെസ്റ്റ് ഇന്റീസിന് എതിരായ മൂന്നാം ടി20 മത്സരത്തിൽ കീവീസ് താരം കോളിൻ മൺറോയ്‌ക്ക് തകർപ്പൻ സെഞ്ചുറി. 53 പന്തിൽ നിന്നാണ് കീവീസ് ബാറ്റ്സ്മാൻ 104 റൺസ് നേടിയത്. ഇതോടെ ടി20 ക്രിക്കറ്റിൽ മറ്റാർക്കും അവകാശപ്പെടാൻ ഇല്ലാത്ത നേട്ടവും ഇദ്ദേഹത്തിന്റെ പേരിലായി.

അന്താരാഷ്ട്ര ടി20 മൽസരത്തിൽ മൂന്ന് സെഞ്ചുറികളെന്ന റെക്കോർഡ് നേട്ടമാണ് ഇതോടെ മൺറോയുടെ പേരിലായത്. ഇന്ത്യൻ താരം രോഹിത് ശർമ്മ, വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ, ന്യൂസിലൻഡിന്റെ തന്നെ ബ്രണ്ടൻ മക്‌കുലം, സിംബാബ്‌വെയുടെ ഇവിൻ വില്യംസ് എന്നിവരാണ് അന്താരാഷ്ട്ര ടി20 മൽസരത്തിൽ രണ്ട് സെഞ്ചുറികളുമായി രണ്ടാം സ്ഥാനത്തുള്ളത്.

മൂന്ന് മൽസരങ്ങളുളള പരമ്പരയിൽ 1-0 ന് വെസ്റ്റ് ഇൻഡീസാണ് മുന്നിൽ. നെൽസൺ മൈതാനത്ത് നടന്ന ആദ്യ ടി20 യിൽ 53 റൺസായിരുന്നു മൺറോയുടെ സ്കോർ. എന്നാൽ ഈ മൽസരത്തിൽ വെസ്റ്റ് ഇൻഡീസാണ് വിജയിച്ചത്. ബേ ഓവലിൽ തന്നെയാണ് രണ്ടാമത്തെ ടി20 നടന്നത്. മഴ മൂലം തടസപ്പെട്ട മൽസരത്തിൽ 63 റൺസായിരുന്നു മൺറോയുടെ നേട്ടം.

പത്ത് സിക്സും മൂന്ന് ഫോറും അടങ്ങുന്നതാണ് മൺറോയുടെ മൂന്നാം സെഞ്ചുറി ഇന്നിങ്സ്. മാർട്ടിൻ ഗുപ്ടിൽ 38 പന്തിൽ 63 റൺസ് നേടി. ഇരുവരുടെയും മികവിൽ കീവീസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 എന്ന കൂറ്റൻ സ്കോറാണ് വിൻഡീസിന് മുന്നിൽ വച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ