കിംഗ്സ്റ്റന്‍ചര്‍ച്ച്: ടോം ലാഥമിന്റെ അവിസ്മരണീയ ഇന്നിങ്‌സിന്റെ ബലത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ന്യൂസിലാന്റിന് കൂറ്റന്‍ ലീഡ്. ബോക്‌സിങ് ഡേ ടെസ്റ്റിന്റെ മൂന്നാം ദിനം 176 റണ്‍സുമായാണ് ലാഥം പുറത്തായത്. പത്ത് മണിക്കൂറോളം തുടര്‍ച്ചയായി ബാറ്റ് ചെയ്തതിന് ശേഷമാണ് ലാഥം പുറത്താകുന്നത്. 370 പന്തുകളാണ് ലാഥം നേരിട്ടത്.

ചായക്ക് പിരിയുന്നതിന് തൊട്ട് മുമ്പത്തെ ഓവറിലായിരുന്നു ലാഥം പുറത്തായത്. മടങ്ങിയെത്തിയതിന് ശേഷം ഒരു മണിക്കൂര്‍ കൂടി കളിച്ച് ന്യൂസിലാന്റ് നാല് വിക്കറ്റ് നഷ്ടത്തില്‍ 585 റണ്‍സിനാണ് കളി അവസാനിപ്പിച്ചത്. റെക്കോര്‍ഡ് സ്‌കോറായ 660 റണ്‍സ് വേണ്ടി വരും ശ്രീലങ്കയ്ക്ക് ജയിക്കാന്‍. ഇതിന് മുമ്പ് ഒരു ടീം നാലാം ഇന്നിങ്‌സില്‍ നേടിയ ഉയർന്ന സ്‌കോര്‍ 2003 ല്‍ 418-7 ആണ്.

കിവീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതിന് ശേഷം ശ്രീലങ്ക ബാറ്റിങ് ആരംഭിച്ചെങ്കിലും ഓപ്പണിങ് താരങ്ങളായ ദിമുത് കരുണരത്‌നയും ദനുഷ്‌ക ഗുണതിലകയും പുറത്തായത് കനത്ത തിരിച്ചടിയായി. കളി ഇന്ന് പിരിയുമ്പോള്‍ ദിനേശ് ചാന്ദിമലും കുസാല്‍ മെന്‍ഡിസുമാണ് ക്രീസിലുള്ളത്. സ്‌കോര്‍ 24-2.

കിവികളുടെ ആധിപത്യത്തിന് പിന്നില്‍ ലാഥമിന്റെ സെഞ്ച്വറി പ്രകടനമാണ്. 162 റണ്‍സ് നേടിയ ഹെന്റി നിക്കോള്‍സിന്റേയും വേഗമേറിയ അര്‍ധ സെഞ്ച്വറി നേടിയ (28 പന്തില്‍ നിന്നും) കോളിന്‍ ഡി ഗ്രാന്റ്‌ഹോമിന്റേയും പ്രകടനവും ചേര്‍ന്നപ്പോള്‍ കിവീസിന് പടുകൂറ്റന്‍ സ്‌കോര്‍ സ്വന്തമാവുകയായിരുന്നു.

വെല്ലിങ്ടണിലെ ആദ്യ ടെസ്റ്റില്‍ ലാഥം കരിയര്‍ ബെസ്റ്റായ 264 റണ്‍സ് നേടിയിരുന്നു. 12 മണിക്കൂറോളം ബാറ്റ് ചെയ്ത് 489 പന്തുകള്‍ നേരിട്ടായിരുന്നു ലാഥം 264 റണ്‍സ് നേടിയത്. ചെറിയൊരു ഫോമില്ലായ്മയില്‍ നിന്നും ശക്തമായ തിരിച്ചു വരവാണ് ഇതോടെ ലാഥം നടത്തിയിരിക്കുന്നത്.

നേരത്തെ, ട്രന്റ് ബൗള്‍ട്ടിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് ലങ്കയുടെ ഒന്നാം ഇന്നിങ്സ് തകര്‍ത്തത്. 15 പന്തുകള്‍ക്കിടെ ആറ് വിക്കറ്റാണ് ബൗള്‍ട്ട് പിഴുതത്. അതും നാല് റണ്‍ മാത്രം വിട്ടുകൊടുത്ത്. മൊത്തത്തില്‍ 15 ഓവറില്‍ 30 റണ്‍ മാത്രം വിട്ടുനല്‍കിയാണ് ബൗള്‍ട്ട് ആറ് വിക്കറ്റ് സ്വന്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook