പത്ത് റൺസെടുക്കുന്നതിനിടയിൽ അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തി തുടർച്ചയായ രണ്ടാം ടി20യിലും ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടിന് തോൽവി. 14 റൺസിനാണ് സന്ദർശകരെ ന്യൂസിലൻഡ് പരാജയപ്പെടുത്തിയത്. ന്യൂസിലൻഡ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 166 റൺസെടുക്കാനെ സാധിച്ചുള്ളു. ജയത്തോടെ ന്യൂസിലൻഡ് പരമ്പരയിൽ 2-1ന് മുന്നിലെത്തുകയും ചെയ്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലൻഡിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. അർധസെഞ്ചുറി നേടിയ കോളിൻ ഡി ഗ്രാൻഡ്ഹോമിന്റെയും തുടർച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങിയ മാർട്ടിൻ ഗുപ്റ്റിലിന്റെയും പ്രകടനമാണ് ന്യൂസിലൻഡിനെ മികച്ച സ്കോറിലെത്തിച്ചത്. ഗ്രാൻഡ്ഹോം 35 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സും ഉൾപ്പടെ 55 റൺസ് നേടി. ഗുപ്റ്റിൽ 7 ഫോറുൾപ്പടെ 17 പന്തിൽ 33 റൺസാണ് നേടിയത്.

മറുപടി ബാറ്റിങ്ങിൽ അർധസെഞ്ചുറി നേടിയ ഡേവിഡ് മലാന്റെയും ജെയിംസ് വിൻസിന്റെയും പ്രകടനം മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. 18 റൺസുമായി ടോം ബന്റൺ കളം വിട്ടത്തിന് പിന്നാലെ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഡേവിഡ് മലാനും ജെയിംസ് വിൻസും തുടക്കം മുതൽ ആഞ്ഞടിച്ചു. 34 പന്തുകൾ നേരിട്ട ഡേവിഡ് മലാൻ 8 ഫോറും ഒരു സിക്സും ഉൾപ്പടെ 55 റൺസ് നേടി.

നാല് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ ഇന്നിങ്സ് മുന്നോട്ട് പോകുന്നതിനിടയിൽ അർധസെഞ്ചുറിക്ക് ഒരു റൺസരികിൽ ജെയിംസും വീണു. നനായകൻ ഇയാൻ മോർഗണും പൊരുതി നോക്കിയെങ്കിലും മധ്യനിര പത്ത് റൺസെടുക്കുന്നതിനിടയിൽ അഞ്ച് വിക്കറ്റ് തുലച്ചതോടെ ന്യൂസിലൻഡ് മത്സരം തിരികെപിടിച്ചു.

ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇംഗ്ലണ്ട് ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ ന്യൂസലൻഡ് 21 റൺസിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook