വെല്ലിങ്ടൺ: ന്യൂസിലൻഡ്-ഇംഗ്ലണ്ട് ടെസ്റ്റ് മൽസരത്തിലെ കെയ്‌ൻ വില്യംസണിന്റെ ക്യാച്ച് കണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. സ്വന്തം രാജ്യത്ത് ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റ് മൽസരത്തിലായിരുന്നു ന്യൂസിലൻഡ് നായകന്റെ കിടിലൻ ക്യാച്ച്. ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിന്റെ വിക്കറ്റാണ് വില്യംസൺ കൈപ്പിടിയിൽ ഒതുക്കിയത്. വില്യംസണിന്റെ ക്യാച്ച് കണ്ട് സ്റ്റുവർട്ട് ബ്രോഡും അമ്പരന്നുപോയി.

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് 58 റൺസിന് അവസാനിച്ചിരുന്നു. 20.4 ഓവറിൽ ഇംഗ്ലണ്ടിന്റെ മുഴുവൻ വിക്കറ്റും വീണു. ന്യൂസിലൻഡിന്റെ ട്രെൻഡ് ബോൾട്ടും ടിം സൗത്തിയുമാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് 58 റൺസിൽ അവസാനിച്ചത്. ബോൾട്ട് 32 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തി. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ബോൾട്ടിന്റേത്. സൗത്തി 25 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി.

ഇംഗ്ലണ്ടിന്റെ മാർക് സ്റ്റോൺമാനു മാത്രമാണ് രണ്ടക്കം കടക്കാനായത്. 5 ബാറ്റ്സ്മാന്മാർക്ക് അക്കൗണ്ട് തുറക്കാനാകാതെ കളം വിട്ടു. ഇക്കൂട്ടത്തിൽ സ്റ്റുവർട്ട് ബ്രോഡും ഉണ്ടായിരുന്നു. സൗത്തിയുടെ ബോളിൽ ന്യൂസിലൻഡ് നായകൻ വില്യംസണിന്റെ സൂപ്പർ ക്യാച്ചിലൂടെയാണ് ബ്രോഡ് പുറത്തായത്. ഏവരെയും അതിശയപ്പെടുത്തുന്നതായിരുന്നു വില്യംസണിന്റെ ക്യാച്ച്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ