വെല്ലിങ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യന്മാരെ അവരുടെ മണ്ണിൽ തോൽപ്പിച്ച് ബംഗ്ലാദേശ്. ചരിത്രത്തിലാദ്യമായാണ് ന്യൂസിലൻഡിൽ ബംഗ്ലാദേശ് ഒരു ടെസ്റ്റ് വിജയം സ്വന്തമാക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ കളിച്ച 16 ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ ആദ്യ ജയം കൂടിയാണിത്. എട്ട് വിക്കറ്റിനായിരുന്നു ബംഗ്ലാ കടുവകളുടെ ജയം. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി. ക്രൈസ്റ്റ്ചർച്ചിൽ ഈ മാസം ഒമ്പതിനാണ് രണ്ടാം ടെസ്റ്റ്.
ന്യൂസിലൻഡ് മണ്ണിൽ ഒരു ജയം പോലുമില്ലാതെയാണ് ബംഗ്ലാദേശ് ഈ പരമ്പരയ്ക്ക് എത്തിയത്. മുൻപ് 32 തവണ ഇരുവരും നേർക്കുനേർ വന്നപ്പോഴും കിവികൾക്കായിരുന്നു ആധിപത്യം.
രണ്ടാം ഇന്നിങ്സിൽ ന്യൂസിലൻഡിനെ 169ന് പുറത്താക്കിയ ബംഗ്ലാദേശിന് ജയിക്കാൻ 42 റണ്‍സാണ് വേണ്ടിയിരുന്നത്. രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ അവർ ലക്ഷ്യം കാണുകയായിരുന്നു. മുഷ്ഫിഖുര്‍ റഹീം (5) മൊമിനുള്‍ ഹഖ് (13) എന്നിവർ പുറത്താവാതെ നിന്നു. ഷദ്മാന്‍ ഇസ്ലാം (3), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (17) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്.
നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ന്യൂസിലൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ കിവീസ് 328 റൺസ് നേടി. 122 റൺസ് നേടിയ ഡെവൻ കോൺവെ ആയിരുന്നു ടോപ് സ്‌കോറർ. വിൽ യങ്(52) ഹെൻറി നിക്കോളാസ് (75) എന്നിവരും തിളങ്ങി. ബംഗ്ലാദേശിനായി മെഹദി ഹസൻ, ഷൊരിഫുൽ ഇസ്‌ലാം എന്നിവർ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.
Also Read: India vs South Africa 2nd Test: ശർദുലിന് ഏഴ് വിക്കറ്റ്; ദക്ഷിണാഫ്രിക്ക 229 റൺസിന് പുറത്ത്
മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് 458 റൺസ് നേടി, 130 റൺസിന്റെ ലീഡ് സ്വന്തമാക്കി. നായകൻ മൊമിനുള്‍ ഹഖ് (88), ലിറ്റണ്‍ ദാസ് (86), മഹ്‌മുദുള്‍ ഹസന്‍ ജോയ് (78), ഷാന്റോ (64) എന്നിവരാണ് തിളങ്ങിയത്. എന്നാൽ രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് അവിടെ പിഴച്ചു. വെറും 169 റൺസിനു പുറത്തായി. വില്‍ യംഗ് (69), റോസ് ടെയ്‌ലര്‍ (40) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. ആറ് വിക്കറ്റ് വീഴ്ത്തിയ ഇബാദത്ത് ഹുസൈനാണ് ന്യൂസിലൻഡിനെ തകർത്തത്. മൂന്ന് വിക്കറ്റ് വീഴ്ത്തി തസ്‌കിൻ അഹമ്മദും പിന്തുണ നൽകി.
അതോടെ രണ്ടാം ഇന്നിങ്സിൽ 40 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടക്കുകയായിരുന്നു. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശ് 12 പോയിന്റ് സ്വന്തമാക്കി.