ന്യൂഡൽഹി: ഇന്ത്യക്കെതിരായ മൂന്ന് അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സര പരമ്പരയ്ക്കായി സീനിയർ താരം റോസ് ടെയ്‌ലറെ ന്യൂസിലൻഡ് തിരികെ വിളിച്ചു. നവംബർ ഒന്നിനാണ് ആദ്യ ട്വന്റി ട്വന്റി മത്സരം. റോസ് ടെയ്‌ലറടക്കം 15 അംഗ ടീമിനെ കെയ്ൻ വില്യംസൺ നയിക്കും.

2016 മാർച്ചിൽ ട്വന്റി ട്വന്റി ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് പരാജയം ഏറ്റുവാങ്ങിയ ശേഷം ഇതുവരെ ഒറ്റ ട്വന്റി ട്വന്റി മത്സരവും റോസ് ടെയ്‌ലർ കളിച്ചിരുന്നില്ല. ഇതിന് ശേഷം കീവീസ് പട ബംഗ്ലാദേശിനോട് മൂന്ന് ട്വന്റി ട്വന്റി മത്സരവും ദക്ഷിണാഫ്രിക്കയോട് ഒരു അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരവും കളിച്ചു.

“റോസ് ടെയ്ലർ മികച്ച ഫോമിലാണ് ഉള്ളത്. മധ്യനിരയിൽ അദ്ദേഹത്തെക്കാൾ മികച്ച മറ്റൊരാൾ ഇല്ല. ടോഡിനെ സംബന്ധിച്ച് ഈ ഒഴിവാക്കൽ വേദനിപ്പിച്ചേക്കാം. പക്ഷെ റോസ് ടെയ്‌ലറിനെ ഉൾപ്പെടുത്തുന്നത് ടീമിന് ഗുണം ചെയ്യും”, കെയ്ൻ വില്യംസൺ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിലവിൽ ലോക ടി20 റാങ്കിങ്ങിൽ ഒന്നാമതാണ് കീവീസ് പട. ശക്തമായ ബാറ്റിങ് നിരയാണ് കീവീസിന്റെ കരുത്ത്. 73 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള റോസ് ടെയ്‌ലറിന്റെ സ്ട്രൈക് റേറ്റ് 120 ആണ്. ഏകദിന പരമ്പരയിൽ കീവീസ് 2-1 ന് പരാജയപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ