/indian-express-malayalam/media/media_files/uploads/2021/02/New-Zealand.jpg)
ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡ് പ്രവേശിച്ചു. കോവിഡ്-19 മഹാമാരിയെ തുടർന്ന് ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം നീട്ടിവച്ചതോടെയാണ് ന്യൂസിലൻഡ് ഫൈനലിൽ പ്രവേശിച്ചത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഓസ്ട്രേലിയക്കുണ്ടായിരുന്നത്. എന്നാൽ, കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദക്ഷിണാഫ്രിക്കൻ പര്യടനം നീട്ടിവയ്‌ക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു.
നിലവിൽ ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. 71.7 ശരാശരിയോടെ 430 പോയിന്റ് ഇന്ത്യയ്‌ക്കുണ്ട്. എന്നാൽ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കുകയാണ്. ഈ പരമ്പരയുടെ ഫലം ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയെ സ്വാധീനിക്കും. 4-0, 3-0, 3-1, 2-0, 2-1 എന്നീ നിലകളിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയാൽ മാത്രമേ ഇന്ത്യയ്‌ക്ക് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ.
ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ന്യൂസിലൻഡ്. 70.0 ശരാശരിയിൽ 420 പോയിന്റാണ് ന്യൂസിലൻഡിനുള്ളത്. ഇവരുടെ എല്ലാ മത്സരങ്ങളും പൂർത്തിയായതിനാൽ നിലവിലെ അവസ്ഥയിൽ പോയിന്റ് കുറയില്ല. അതുകൊണ്ടാണ് ഫൈനൽ ഉറപ്പിക്കാൻ കിവീസിന് സാധിച്ചത്.
Read Also: ഐഎസ്എല്ലിൽ റഫറിയിങ് പിഴവുകള്‍ ആവർത്തിക്കുന്നു; എഐഎഫ്എഫിന് പരാതി നല്‍കി കേരള ബ്ലാസ്‌റ്റേഴ്‌സ്
അതേസമയം, പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് ഫൈനലിൽ പ്രവേശിക്കാൻ ഇന്ത്യയ്‌ക്കെതിരായ പരമ്പരയിൽ മികച്ച വിജയം സ്വന്തമാക്കാൻ സാധിക്കണം. 4-0, 3-0, 3-1 എന്നീ നിലയിൽ ജയിക്കാൻ സാധിച്ചാൽ മാത്രമേ ഇംഗ്ലണ്ടിന് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ. നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 68.7 ശരാശരിയിൽ 412 പോയിന്റാണ് ഉള്ളത്.
അതേസമയം, പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് ഫൈനലിൽ പ്രവേശിക്കാൻ മറ്റ് മത്സരഫലങ്ങൾ കാത്തിരിക്കണം. ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പര സമനിലയായാൽ ഓസ്ട്രേലിയയ്ക്ക് ഫൈനലിൽ കിവീസിനെതിരെ കളിക്കാൻ സാധിക്കും. ഇന്ത്യ രണ്ട് മത്സരത്തിൽ കൂടുതൽ തോൽക്കുകയോ ഇംഗ്ലണ്ടിന് മൂന്ന് മത്സരങ്ങളിൽ എങ്കിലും ജയിക്കാൻ സാധിക്കാതെയും വന്നാലും ഓസീസിന് സാധ്യതയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us