ഇംഗ്ലണ്ടിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ വിജയ സാധ്യത കൂടുതൽ ന്യൂസിലന്ഡിനെന്ന് മുൻ ഓസ്ട്രേലിയൻ ഫാസ്റ്റ് ബോളർ ബ്രെറ്റ് ലീ. സ്വിങ് ബോളിങ്ങിനെ തുണയ്ക്കുന്ന സാഹചര്യം ഇന്ത്യയെക്കാൾ ഇംഗ്ലണ്ടിന് അനുകൂലമാകുമെന്ന് ലീ പറഞ്ഞു.
ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ജൂൺ 18നാണ് ഫൈനൽ മത്സരം നടക്കുക. ഇംഗ്ലണ്ടിലെ സതാംപ്റ്റണിലാണ് മത്സരം. മത്സരത്തിനായി ഇന്ത്യൻ ടീം വ്യഴാഴ്ച ഇംഗ്ലണ്ടിലെത്തി, നിലവിൽ ഹോട്ടലിൽ ക്വാറന്റൈനിലാണ് താരങ്ങൾ. മറുവശത്ത് ന്യൂസീലൻഡ് ഇംഗ്ലണ്ടുമായി രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരം ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്.
ബോളിങ്ങിൽ ഇംഗ്ലണ്ടിന് സമാനമായ സാഹചര്യത്തിൽ ന്യൂസിലൻഡിൽ കളിക്കുന്ന കിവീസിന് കൂടുതൽ സാധ്യത കാണുന്നതായി ലീ ഐസിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പറഞ്ഞു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ ഫാസ്റ്റ് ബോളിങ്ങിനും സ്വിങ് ബോളിങ്ങിനും സഹായകമാകും അതുകൊണ്ട് തന്നെ കിവീസിന് കൂടുതൽ സാധ്യതയുണ്ടാകും. ബ്രെറ്റ്ലീ പറഞ്ഞു.
“ബാറ്റിങ്ങിലേക്ക് വരികയാണെങ്കിൽ രണ്ടു ടീമിനും സ്വിങ് ബോളിങ്ങിനെതിരെ കളിക്കാനുള്ള ബാറ്റ്സ്മാൻമാരുണ്ട്. എന്നാൽ ഇത് ബോളിംഗിലേക്കാണ് വരുന്നത്, എനിക്ക് തോന്നുന്നു നന്നായി പന്തെറിയുന്ന ടീം ഫൈനൽ ജയിക്കും”. ബ്രെറ്റ് ലീ കൂട്ടിച്ചേർത്തു.
മത്സരത്തിലെ മറ്റൊരു പ്രധാന ആകർഷണം വിരാട് കോഹ്ലിയുടെയും കെയ്ൻ വില്യംസണിന്റെയും ക്യാപ്റ്റന്സിയാണെന്നും ലീ പറയുന്നു. ഇരുവരും തമ്മിൽ രസകരമായ പോരാട്ടമായിരിക്കുമെന്നും ലീ പറഞ്ഞു. “കെയ്ൻ കൂടുതൽ മടുപ്പ് തോന്നാതെ ഇരിക്കാൻ കഴിയുന്നയാളാണ്, അയാൾക്ക് നല്ല ക്രിക്കറ്റ് ബുദ്ധിയുണ്ട്. അദ്ദേഹത്തിന്റെ ശാന്തതയെ ഞാൻ ബഹുമാനിക്കുന്നു. അയാൾ ഒരു യാഥാസ്ഥിതികനായ ക്യാപ്റ്റനാണ്. പക്ഷേ വേണ്ടപ്പോൾ ആക്രമിക്കും. അദ്ദേഹം ക്ഷമ കാണിക്കുന്നത് അദ്ദേഹത്തിനും ടീമിനും ഗുണകരമാകും.”
Read Also: പിതാവിന്റെ മരണ ശേഷവും ഓസ്ട്രേലിയൻ പര്യടനത്തിൽ തുടരാൻ പ്രേരിപ്പിച്ചത് രവിശാസ്ത്രിയുടെ പിന്തുണ: സിറാജ്
“അതേസമയം കോഹ്ലിയെ നോക്കു, അദ്ദേഹം കൂടുതൽ ആക്രമസ്വഭാവമുള്ള ക്യാപ്റ്റനാണ്. ഇതിനോട് ശരിയോ തെറ്റോ എന്ന ചോദ്യമില്ല, ഞാൻ രണ്ട് തരത്തിലുള്ള ക്യാപ്റ്റന്മാർക്ക് കീഴിലും കളിച്ചിട്ടുണ്ട്.” “പക്ഷേ ഇത് വലിയ ഒരു അവസരമാണ്, അവർ രണ്ടു പേരും വ്യത്യസ്ത സ്വഭാവമുള്ളവരായത് കൊണ്ടുതന്നെ ആര് മുകളിൽ എത്തുമെന്നത്. അതുപോലെ ആര് മുകളിൽ എത്തുമെന്നത് ആവേശകരമായ ഒരു കാഴ്ചകൂടിയാണ്” ലീ പറഞ്ഞു.